ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ജി.വി.രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ സി.എസ്.പ്രദീപിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

0

തിരുവനന്തപുരം∙ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ജി.വി.രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ സി.എസ്.പ്രദീപിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. പ്രിൻസിപ്പൽ സസ്പെൻഷൻ കാലാവധിയിലും പല ദിവസങ്ങളിലും സ്കൂളിൽ എത്തുന്നതിൽ ആശങ്ക രേഖപ്പെടുത്തി ജീവനക്കാരിയുടെ അമ്മ മന്ത്രി വി.ശിവൻകുട്ടിക്ക് കത്തയച്ചതോടെയാണ് സസ്പെൻഷൻ നീട്ടിയത്.
ജോലി സ്ഥലത്ത് മകളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും മകളെ ജോലിയിൽനിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നുവെന്നും ഡൽഹി സ്വദേശിനിയായ യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. സി.എസ്.പ്രദീപ് മെസേജുകളിലൂടെയും ഫോണിലൂടെയും ദുരുദേശ്യത്തോടെ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി വിദ്യാഭ്യാസ, കായിക വകുപ്പുകളിൽ നവംബറിലാണു യുവതി പരാതിയിൽ നൽകിയത്. ഫോൺ രേഖകളും ഹാജരാക്കിയിരുന്നു. പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.

ഖേലോ ഇന്ത്യ പ്രൊജക്റ്റിന്റെ ഭാഗമായി ഒരു വർഷം മുൻപ് നിയമിതയായ യുവതിക്ക് മൂന്നു വർഷം കൂടി കരാർ നീട്ടി നൽകാൻ കഴിയുമെങ്കിലും അതു തടയാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്. സി.എസ്.പ്രദീപിനെതിരെ പരാതി നൽകിയതിലുള്ള പക പോക്കലാണിതെന്നാണ് ആരോപണം. ഇതിനെതിരെ കായികമന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്താതെ ഉരുണ്ടുകളിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നീട്ടിയത്. ഭക്ഷ്യവിഷബാധയുടെ പേരിൽ രണ്ടു വർഷം മുൻപ് സി.എസ്.പ്രദീപിനെ സ്ഥലം മാറ്റിയിരുന്നു.

Leave a Reply