ഇന്ധനവില വർധന: ഡൽഹിയിൽ ഇന്ധനവില വർധന: ഓട്ടോ- ടാക്സി, മിനിബസ് പണിമുടക്ക്

0

ന്യൂഡൽഹി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ, ടാക്സി, മിനിബസ് ഡ്രൈവർമാരുടെ വിവിധ യൂണിയനുകൾ തിങ്കളാഴ്ച പണിമുടക്കാൻ തീരുമാനിച്ചു. യാത്രാക്കൂലി വർധിപ്പിക്കുക, സിഎൻജി വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ ഉന്നയിച്ചത്.

മിക്ക യൂണിയനുകളും ഒരു ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കുമെന്നു പറഞ്ഞപ്പോൾ, സർവോദയ ഡ്രൈവർ അസോസിയേഷൻ ഡൽഹി തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അറിയിച്ചു. സമയബന്ധിതമായി നിരക്ക് പരിഷ്കരണം പരിഗണിക്കാൻ സമിതി രൂപീകരിക്കുമെന്നു ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടും സമരം പിൻവലിക്കാൻ തൊഴിലാളി യൂണിയനുകൾ തയാറായില്ല.

ഇന്ധന വില കുറച്ചും യാത്രാ നിരക്ക് പരിഷ്കരിച്ചും സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി സർവോദയ ഡ്രൈവർ അസോസിയേഷൻ ഡൽഹി പ്രസിഡന്‍റ് കമൽജീത് ഗിൽ പറഞ്ഞു. സിഎൻജി നിരക്കിലെ അഭൂതപൂർവമായ വർധന ഓട്ടോ, ക്യാബ് ഡ്രൈവർമാരെ ബാധിച്ചിട്ടുണ്ടെന്ന് ഡൽഹി ഓട്ടോ റിക്ഷാ സംഘ് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി പറഞ്ഞു.

സിഎൻജി വിലയിൽ സബ്സിഡി ആവശ്യപ്പെട്ട് നൂറുകണക്കിന് ഓട്ടോ, ടാക്സി, കാബ് ഡ്രൈവർമാർ അടുത്തിടെ ഡൽഹി സെക്രട്ടേറിയറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. 90,000 ഓട്ടോകളും 80,000ൽ അധികം രജിസ്റ്റർ ചെയ്ത ടാക്സികളും നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ ഉൾപ്പെടുന്നുണ്ട്.

നിരക്ക് പരിഷ്കരിക്കുക, സിഎൻജി വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഏകദേശം പതിനായിരത്തോളം വരുന്ന ആർടിവി ബസുകളും സമരത്തിൽ പങ്കുചേരുമെന്ന് എസ്ടിഎ ഓപ്പറേറ്റേഴ്സ് ഏകതാ മഞ്ച് ജനറൽ സെക്രട്ടറി ശ്യാംലാൽ ഗോല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here