പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ നാലു പേര്‍ കസ്‌റ്റഡിയില്‍

0

പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ നാലു പേര്‍ കസ്‌റ്റഡിയില്‍. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരും ഇതിലുണ്ടെന്നാണു വിവരം.
സുബൈര്‍ വധത്തിനുള്ള തിരിച്ചടിയാണെന്ന്‌ ആരോപണമുയര്‍ന്ന ശ്രീനിവാസന്‍ കൊലക്കേസില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികളുടെ സി.സി. ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ശനിയാഴ്‌ചയായിരുന്നു ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്‌.
സുബൈര്‍ കേസിലെ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി പാലക്കാട്ടെത്തിയ എ.ഡി.ജി.പി. വിജയ്‌ സാഖറെ പറഞ്ഞു.
എലപ്പുള്ളിയില്‍ വച്ചാണ്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകനായ സുബൈര്‍ ആക്രമിക്കപ്പെട്ടത്‌. പള്ളിയില്‍നിന്നു മടങ്ങിയ സുബൈറിന്റെ മോട്ടോര്‍ സൈക്കിള്‍ കുപ്പിയോടു വച്ച്‌ രണ്ടു കാറിലായി വന്ന പ്രതികള്‍ ഇടിച്ചുവീഴ്‌ത്തിയെന്നും രാഷ്‌ട്രീയവിരോധം വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ്‌ കസബ പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട്‌.
ശനിയാഴ്‌ച ഉച്ചയോടെ പാലക്കാട്‌ നഗരത്തിലാണ്‌ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്‌. കൊലയാളി സംഘമെത്തിയ ഇരുചക്ര വാഹനങ്ങളില്‍ ഒന്നിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ചിറ്റൂര്‍ സ്വദേശിനിയായ ഇവരെ ഇന്നലെ ഉച്ചയോടെ പോലീസ്‌ ചോദ്യം ചെയ്‌തു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന്‌ രണ്ടു വര്‍ഷം മുമ്പ്‌ താന്‍ വാഹനം മറ്റൊരാള്‍ക്ക്‌ പണയത്തിനു നല്‍കിയെന്നാണു മൊഴി. ഈ വാഹനം രണ്ടിലധികം ആളുകള്‍ക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടതായി വ്യക്‌തമായിട്ടുണ്ട്‌. ഏറ്റവും ഒടുവില്‍ ബൈക്ക്‌ ഉപയോഗിച്ചത്‌ പാലക്കാട്‌ നഗരത്തില്‍ ടൗണ്‍ നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ ഒരാളാണെന്നാണു സൂചന.
സുബൈറിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയാണ്‌ ശ്രീനിവാസന്റെ കൊലപാതകമെന്ന്‌ പാലക്കാട്‌ ടൗണ്‍ സൗത്ത്‌ പോലീസിന്റെ എഫ്‌.ഐ.ആറില്‍ പറയുന്നു. വാളുകളുമായി മൂന്ന്‌ ഇരുചക്ര വാഹനങ്ങളിലായെത്തിയ ആറു പേരാണു ശ്രീനിവാസനെ ആക്രമിച്ചത്‌. രാഷ്‌ട്രീയ വൈരാഗ്യമാണ്‌ ഈ കൊലപാതകത്തിനും പിന്നിലെന്നു പോലീസ്‌ വ്യക്‌തമാക്കുന്നു.
ഗൂഢാലോചന നടത്തിയവരെയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തവരെയും കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന്‌ വിജയ്‌ സാഖറെ വ്യക്‌തമാക്കി. പ്രതികളെക്കുറിച്ചുള്ള വ്യക്‌തമായ സൂചനകള്‍ ലഭിച്ചു. ജില്ലാ പോലീസ്‌ മേധാവിയുടെ കീഴില്‍ രണ്ട്‌ ഡിവൈ.എസ്‌.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായാണ്‌ അന്വേഷണം. സുബൈര്‍ കൊലക്കേസിലെ പ്രതികളെ വ്യക്‌തമായി തിരിച്ചറിഞ്ഞെന്നും സംശയിക്കപ്പെടുന്ന ചിലരാണു കസ്‌റ്റഡിയിലുള്ളതെന്നും എ.ഡി.ജി.പി. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here