മുന്‍ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലംചെയ്‌തു

0

ആലപ്പുഴ: ആലപ്പുഴ രൂപത മുന്‍ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ (77) കാലംചെയ്‌തു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ അര്‍ത്തുങ്കല്‍ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ വിസിറ്റേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നലെ രാത്രി 8.15 നാണ്‌ കാലംചെയ്‌തത്‌. കബറടക്കം 12 നു രാവിലെ 10.30ന്‌ ആലപ്പുഴ മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രലില്‍.
ബിഷപ്‌ ഡോ. മൈക്കിള്‍ ആറാട്ടുകുളം 2001 ഡിസംബര്‍ ഒന്‍പതിനു വിരമിച്ചതിനെത്തുടര്‍ന്ന്‌ ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ അധ്യക്ഷനായി സ്‌ഥാനമേറ്റ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു. 2019 ഒക്‌ടോബര്‍ 11-നു സജീവ മെത്രാന്‍ ശുശ്രൂഷയില്‍നിന്നു വിരമിച്ചു. കെ.സി.ബി.സി(കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍)യുടെ പിന്നാക്ക സമുദായ കമ്മിഷന്‍ ചെയര്‍മാന്‍, കരിസ്‌മാറ്റിക്‌ കമ്മിഷന്‍ ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
52 വര്‍ഷം പൗരോഹിത്യ ശുശ്രൂഷ ചെയ്‌തു. തീരമേഖലയുടെ സമഗ്രവികസനത്തിനു കെ.ആര്‍.എല്‍.സി.സി. കടല്‍ എന്ന സംഘടന രൂപവത്‌കരിച്ചപ്പോള്‍ അദ്ദേഹം ചെയര്‍മാനായി. ചേര്‍ത്തല താലൂക്കിലെ ചേന്നവേലി എന്ന തീരദേശ ഗ്രാമത്തില്‍ 1944 മേയ്‌ 18 നാണ്‌ അദ്ദേഹം ജനിച്ചത്‌. ചേര്‍ത്തല സേക്രട്ട്‌ ഹാര്‍ട്ട്‌ മൈനര്‍ സെമിനാരിയിലും പുനെ പേപ്പല്‍ സെമിനാരിയിലുമായിരുന്നു വൈദിക പഠനം. 1969 ഒക്‌ടോബര്‍ അഞ്ചിനു വൈദികനായി. ആലപ്പുഴ മൗണ്ട്‌ കാര്‍മ്മല്‍ കത്തീഡ്രല്‍ സഹവികാരി, ഓമനപ്പുഴ പള്ളി വികാരി, ആലുവ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍, ചേര്‍ത്തല സേക്രട്ട്‌ ഹാര്‍ട്ട്‌ മൈനര്‍ സെമിനാരി റെക്‌ടര്‍, ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്‌ ഹൈസ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here