ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചവരിൽ മൂന്ന് കുട്ടികളും; അന്വേഷണം ആരംഭിച്ച് പോലീസ്

0

ലഖ്നോ: ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഖാഗൽപൂർ സ്വദേശികളായ രാഹുൽ (42), ഭാര്യ പ്രീതി (38), മക്കളായ മാഹി (15), പിഹു(13), കുഹു(11) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാഹുലിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിച്ച മറ്റുള്ളവരുടെ കഴുത്തിൽ ആഴമേറിയ വസ്തുകൊണ്ട് മുറിവേറ്റ പാടുകളും അന്വേഷണ സംഘം കണ്ടെത്തി. രാഹുലിന്‍റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ മരണങ്ങളിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി. അന്വേഷണത്തിനായി ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. രാഹുലും ഭാര്യയും തമ്മിൽ കുറച്ചുകാലങ്ങളായി വഴക്ക് പതിവായിരുന്നുവെന്ന് സഹോദരി പൊലീസിൽ മൊഴി നൽകി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രാഹുൽ ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അതേസമയം സംഭവത്തിന് പിന്നാലെ ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം യു.പി കുറ്റകൃത്യങ്ങളിൽ മുങ്ങിപ്പോയെന്നായിരുന്നു അഖിലേഷിന്‍റെ പ്രതികരണം.

പൊലീസ് അന്വേഷണം തുടരുന്ന സമയത്ത് ജനങ്ങൾ സൗമ്യത പാലിക്കണമെന്നും, പ്രതിപക്ഷ പാർട്ടികൾ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചാലും പൊലീസ് പിടികൂടുമെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.

Leave a Reply