ഈജിപ്‌തിന്റെ സൂപ്പര്‍ താരം മുഹമ്മദ് സല രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കാനൊരുങ്ങുന്നു. ഈജിപ്‌ത് സെനഗലിനെതിരേ നടന്ന ആഫ്രിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ തോറ്റു പുറത്തായതോടെയാണു സല വിരമിക്കലിനെ കുറിച്ച് ആലോചിക്കുന്നത്.
രണ്ടാം പാദ പ്ലേ ഓഫ് ഒരു വട്ടം കൂടി നടത്തണമെന്ന ഈജിപ്‌തിന്റെ അപേക്ഷ ഫിഫ അംഗീകരിച്ചാല്‍ തുടരാനാണു സലയുടെ പദ്ധതി. ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ സെനഗല്‍ രണ്ടാം പാദ പ്ലേ ഓഫില്‍ ഈജിപ്‌തിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിലും സെനഗല്‍ ഈജിപ്‌തിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചിരുന്നു. ഒന്നാം പാദത്തില്‍ സലയുടെ ഗോളില്‍ ജയിച്ചതിന്റെ മുന്‍തൂക്കവുമായാണ് ഈജിപ്‌ത് മത്സരത്തിനെത്തിയത്. രണ്ടാംപാദം തുടങ്ങി നാലാം മിനിറ്റില്‍ ഹംതി ഫാതിയുടെ സെല്‍ഫ് ഗോള്‍ ഈജിപ്‌തിനു വില്ലനായി. ഷൂട്ടൗട്ടില്‍ ഈജിപ്‌ത് ഗോള്‍ കീപ്പര്‍ക്കും താരങ്ങള്‍ക്കും നേരെ സെനഗല്‍ ആരാധകര്‍ ലേസര്‍ അടിച്ചതായി ആരോപണമുണ്ട്. സൂപ്പര്‍ താരത്തിന്റെ കിക്ക് ബാറിന് മുകളിലൂടെ പറന്നു. ഡ്രസിങ് റൂമില്‍ വച്ചാണു വിരമിക്കലിനെ കുറിച്ചുള്ള സൂചന ആദ്യം നല്‍കിയത്. വാല്‍ ഗോമ, മുഹമ്മദ് അബു ട്രിക, അബ്‌ദുള്ള അല്‍ സയീദ് തുടങ്ങിയ പഴയ കാല താരങ്ങള്‍ക്കൊപ്പവും പുതിയ തലമുറയ്‌ക്കൊപ്പവും കളിക്കാനായതില്‍ അഭിമാനമുണ്ടെന്ന് 29 വയസുകാരനായ സല പിന്നീട് കുറിച്ചു. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും പെനാല്‍റ്റി പാഴാക്കിയത് ഏറെ ദുഖിപ്പിക്കുന്നു. സെനഗല്‍ കാണികളുടെ വംശീയ അധിക്ഷേപവും കൈയേറ്റ ശ്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈജിപ്‌ത് മത്സരം വീണ്ടും നടത്തണമെന്ന് അഭ്യര്‍ഥിച്ചത്. മത്സരം കഴിഞ്ഞു മൈതാനത്തുനിന്നു മടങ്ങിയ സലയ്‌ക്കു നേരെ കാണികള്‍ പേപ്പറുകള്‍ ചുരുട്ടിയെറിഞ്ഞിരുന്നു.