വധഗൂഢാലോചനക്കേസില്‍ ദിലീപിനു തിരിച്ചടിയായത്‌ അടുപ്പക്കാരായ രണ്ടുപേരുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍

0

കൊച്ചി : വധഗൂഢാലോചനക്കേസില്‍ ദിലീപിനു തിരിച്ചടിയായത്‌ അടുപ്പക്കാരായ രണ്ടുപേരുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍. നേരത്തേ ദിലീപിന്റെ സുഹൃത്തുക്കളായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍, സൈബര്‍ ഹാക്കര്‍ സായ്‌ശങ്കര്‍ എന്നിവരുടെ മൊഴികളും അവര്‍ നല്‍കിയ ശബ്‌ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളുമാണു ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ചിനെ തുണച്ചത്‌.
ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു നല്‍കിയ ഓഡിയോ ക്ലിപ്പുകള്‍ കേസില്‍ നിര്‍ണായകമായി. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്‌ച്ചതു ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണെന്ന സായ്‌ശങ്കറിന്റെ രഹസ്യമൊഴി ക്രെംബ്രാഞ്ചിന്റെ വാദം ശരിവയ്‌ക്കുന്നതായി.
ഒരുകാലത്ത്‌ ദിലീപിന്റെ വിശ്വസ്‌തനായിരുന്നു ബാലചന്ദ്രകുമാര്‍. താനുമൊന്നിച്ചു പദ്ധതിയിട്ട സിനിമ നടക്കാതിരുന്നതോടെയാണു ബാലചന്ദ്രകുമാര്‍ തനിക്കെതിരേ തിരിഞ്ഞതെന്നാണു ദിലീപ്‌ പറഞ്ഞത്‌.
ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ ബാലചന്ദ്രകുമാറുമായും സായ്‌ശങ്കറുമായും ഗൂഢാലോചന നടത്തിയാണു കേസെടുത്തതെന്നും ദിലീപ്‌ വാദിക്കുന്നു. എന്നാല്‍, വിശദമായ പരിശോധനയിലേക്കു കടക്കാതെ, ലഭ്യമായ തെളിവിന്റെ അടിസ്‌ഥാനത്തിലാണു ഹൈക്കോടതി ഇന്നലെ ദിലീപിന്റെ ഹര്‍ജി തള്ളിയത്‌.
ബാലചന്ദ്രകുമാര്‍ തുടക്കം മുതല്‍ പോലീസുമായി ഒത്തുകളിച്ചെന്നാണു ദിലീപിന്റെ അഭിഭാഷകരുടെ വിലയിരുത്തല്‍. തുടക്കം മുതല്‍ അയാള്‍ ദിലീപുമായി ബോധപൂര്‍വം അടുപ്പം സൃഷ്‌ടിച്ചു ദിലീപിന്റെയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെയും സ്വകാര്യ സംഭാഷണങ്ങള്‍ റെക്കോഡ്‌ ചെയ്‌തിട്ടുണ്ട്‌. ഒാരോ ദിവസവും നടന്നത്‌ എന്തൊക്കെയാണെന്ന്‌ ചിട്ടയോടെയാണു ബാലചന്ദ്രകുമാര്‍ റെക്കോഡ്‌ ചെയ്‌തിട്ടുണ്ട്‌. ഇത്‌ അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണെന്ന വിലയിരുത്തലാണു ദിലീപിന്റെ അഭിഭാഷകര്‍ക്കുള്ളത്‌.
ദിലീപിനെ പ്രകോപിച്ചാണു പലകാര്യങ്ങളും പറയിച്ചു റെക്കോഡ്‌ ചെയ്‌തത്‌. പലപ്പോഴും ദിലീപ്‌ മദ്യലഹരിയിലായിരുന്നില്ല. ഒാരോ സംഭവവും ബാലചന്ദ്രകുമാര്‍ കൃത്യമായി റെക്കോഡ്‌ ചെയ്‌തു. എന്തിനാണ്‌ ഇയാള്‍ ഇത്രയധികം തയാറെടുപ്പു നടത്തിയതെന്നത്‌ അന്വേഷിച്ചിട്ടില്ല. അതിനാല്‍, സി.ബി.ഐ. പോലുള്ള മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്നാണു ദിലീപ്‌ വാദിച്ചത്‌. അതിജീവിതയുമായുള്ള പ്രശ്‌നമല്ല, ഇത്‌.
ദിലീപിന്റെ ഫോണില്‍നിന്നു എട്ടു ചാറ്റുകള്‍ ഡിലീറ്റ്‌ ചെയ്‌തെന്നതിന്‌ സായ്‌ശങ്കറിന്റെ മൊഴിയല്ലാതെ മറ്റു തെളിവില്ല. എന്നാല്‍, രേഖകളില്‍ ക്രൈംബ്രാഞ്ച്‌ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നാണു ദിലീപ്‌ വാദിച്ചത്‌. ചാര സോഫ്‌റ്റ്‌വേറുകള്‍ ഉപയോഗിച്ചു പുതിയ രേഖകള്‍ ഇന്‍സേര്‍ട്ട്‌ ചെയ്യാനാവും. സായ്‌ശങ്കര്‍ ദിലീപുമായി അടുപ്പം പുലര്‍ത്തിയിരുന്ന ആളാണ്‌. അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണു ദിലീപിനെ പരിചയപ്പെട്ടതെന്നാണു സായിയുടെ മൊഴി.
പോലീസ്‌ ഭീഷണിപ്പെടുത്തുന്നുവെന്നും മാപ്പുസാക്ഷിയാക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചു ഹൈക്കോടതിയില്‍ പരാതി നല്‍കിയ സായ്‌ശങ്കര്‍ പിന്നീട്‌, ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണു മൊബൈല്‍ ഡാറ്റകള്‍ മായ്‌ച്ചതെന്നു നിലപാട്‌ മാറ്റുകയായിരുന്നു.
സായ്‌ശങ്കറിന്റെ കൂറുമാറ്റം ദിലീപിനു കനത്ത തിരിച്ചടിയായി. ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചു മൊബൈല്‍ ഡാറ്റകള്‍ മാറ്റിയതു ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകര്‍ സംശയിക്കുന്നു. പിടിക്കപ്പെട്ടാല്‍ എല്ലാവരും പെടണമെന്ന കണക്കുകൂട്ടലിലാണു സായ്‌ശങ്കര്‍ ഇതു ചെയ്‌തതെന്നാണു സംശയിക്കുന്നത്‌.

സുപ്രീംകോടതിയില്‍ അപ്പീല്‍; നിയമോപദേശം തേടും

കൊച്ചി: സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണോ എന്നകാര്യം വിധി വിശദമായി പരിശോധിച്ചശേഷം തീരുമാനിക്കുമെന്നു ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. വധഗൂഢാലോചന കേസ്‌ ദിലീപിനെ കുടുക്കാന്‍വേണ്ടി ബോധപൂര്‍വം സൃഷ്‌ടിക്കപ്പെട്ടതാണെന്ന വാദം ഹൈക്കോടതി പരിഗണിച്ചില്ല. സത്യാവസ്‌ഥ അറിയാന്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയില്‍ നിന്നു നിയമോപദേശം തേടും.

LEAVE A REPLY

Please enter your comment!
Please enter your name here