കൊച്ചി: രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴും രാജ്യത്ത് ഇന്ധനവില ദിവസേന കുതിക്കുന്നു.
10 ദിവസത്തിനുള്ളില്‍ പെട്രോളിന് 6.97 രൂപയും ഡീസലിന് 6.74 രൂപയുമാണു വര്‍ധന. ഇന്നലെ സംസ്‌ഥാനത്ത് ഡീസല്‍ വില നൂറുകടന്നു. അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ 137 ദിവസം മരവിപ്പിച്ചുനിര്‍ത്തിയ ഇന്ധനവില കഴിഞ്ഞ 22 മുതലാണ് കൂടാനാരംഭിച്ചത്.
റഷ്യ-യുക്രൈന്‍ യുദ്ധത്തേത്തുടര്‍ന്ന് ഒരു ബാരല്‍ ക്രൂഡിന് 139 ഡോളര്‍ വരെ ഉയര്‍ന്നത്, കഴിഞ്ഞദിവസം 109 ഡോളറായി കുറഞ്ഞു. എന്നാല്‍, രാജ്യത്ത് എണ്ണവില കുറയ്‌ക്കുന്നതു സര്‍ക്കാരിന്റെയോ എണ്ണക്കമ്പനികളുടെയോ പരിഗണനയിലില്ല. ഇപ്പോള്‍ വര്‍ധിച്ച വിലയുടെ ഇരട്ടികൂടി കൂട്ടാനാണു കമ്പനികളുടെ നീക്കം. യുദ്ധവേളയില്‍ ക്രൂഡ് വില ഉയര്‍ന്നപ്പോള്‍ ഇന്ധനവില കൂട്ടാതിരുന്നതു മൂലമുണ്ടായ നഷ്‌ടം മറികടക്കാനാണിത്. എണ്ണക്കമ്പനികളുടെ നീക്കത്തിനു കേന്ദ്രസര്‍ക്കാരിന്റെ മൗനാനുമതിയും ലഭിച്ചതോടെ ഇന്ധനവില പ്രതിദിനം ശരാശരി 80 പൈസ വര്‍ധിപ്പിക്കുന്നതു തുടരുന്നു.
കഴിഞ്ഞ നവംബര്‍ രണ്ടിന് ഇന്ധനവില കൂട്ടിയശേഷം 137 ദിവസം എണ്ണവില കൂട്ടിയിരുന്നില്ല. നവംബര്‍ നാലിന് ദീപാവലി നാളില്‍ പെട്രോളിന് എക്‌സൈസ് തീരുവ 10 രൂപയും ഡീസലിന് അഞ്ചുരൂപയൂം കുറച്ചു. അന്ന് ക്രൂഡ് വില ബാരലിന് 85 രൂപയായിരുന്നു. റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്കു നിരോധനം ഏര്‍പ്പെടുത്തുമെന്ന അവസ്‌ഥ വന്നപ്പോഴാണ് ബ്രെന്റ് ക്രൂഡിന് വില വന്‍തോതിലുയര്‍ന്നത്. എന്നാല്‍, റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ പുരോഗമിച്ചതോടെ ക്രൂഡ് വില കുറയുകയായിരുന്നു.