പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് കോടതി; സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെ വിട്ടു

0

ഫതേഹാബാദ്: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഹരിയാനയിലെ ഫതേഹാബാദ് അഡീഷനല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ്, ഫാസ്റ്റ് ട്രാക് കോടതി. കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.

കേസ് ഇങ്ങനെ

2019 ജൂണ്‍ 15ന് തൊഹാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദലിപിനെതിരെ ഒരു സ്ത്രീയുടെ പരാതിയില്‍ തൊഹാന പൊലീസ് ഐപിസി, എസ്‌സി എസ്ടി ആക്‌ട് സെക്ഷന്‍ 313, 328, 376, 506 എന്നിവ പ്രകാരം കേസെടുത്തിരുന്നു. ജോലി തേടി സ്‌കൂളില്‍ പോയെന്നാണ് യുവതി പറഞ്ഞത്. ‘അവിടെ വച്ച്‌ സ്‌കൂളിലെ കാന്റീന്റെ കരാറുകാരന്‍ ദലിപിനെ പരിചയപ്പെട്ടു.

അയാള്‍ ടൗണില്‍ വാടകയ്ക്ക് മുറി സംഘടിപ്പിച്ചു നല്‍കി. ഒരു ദിവസം അദ്ദേഹം ജ്യൂസ് കൊണ്ടുവന്നു. ജ്യൂസ് കുടിച്ച ഉടനെ താന്‍ മയങ്ങി. അബോധാവസ്ഥയില്‍ ദലിപ് ബലാത്സംഗം ചെയ്തു. അതിനുശേഷം മാസങ്ങളോളം പലതവണ ബലാത്സംഗത്തിനിരയാക്കി. ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷന്‍ ചെയ്തു. വിവാഹം കഴിക്കുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ താന്‍ വിവാഹിതനാണെന്ന് ദലിപ് പറഞ്ഞു’, യുവതി പരാതിയില്‍ ആരോപിച്ചു.

എന്നാൽ കോടതിയില്‍ യുവതിയുടെ ആരോപണത്തിന് മറുപടിയായി ദലീപിന്റെ ഭാര്യയും ഹാജരായി, ആരോപണമുന്നയിച്ച സ്ത്രീ തവണ വ്യവസ്ഥയില്‍ ഫ്രിഡ്ജ് വാങ്ങിയെന്നും ഗഡുക്കള്‍ തനിക്ക് നല്‍കിയിരുന്നതായും ദലിപ് വിവാഹിതനാണെന്ന് അവള്‍ക്ക് നന്നായി അറിയാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരിക്കല്‍ ദലീപ് മുറിയെടുക്കാന്‍ വന്നിരുന്നുവെന്നും പിന്നീട് അദ്ദേഹത്തെ അവിടെ കണ്ടിട്ടില്ലെന്നും യുവതി വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയും കോടതിയില്‍ മൊഴി നല്‍കി.

ആരോപണങ്ങള്‍ തെളിയിക്കാന്‍ മെഡികല്‍ തെളിവുകള്‍ പര്യാപ്തമല്ലെന്നും യുവതിയുടെ അടിവസ്ത്രത്തില്‍ പ്രതിയുടെ ബീജം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് ബലാത്സംഗം നടന്നതായി തെളിയിക്കുന്നില്ലെന്നും കോടതി പറഞ്ഞു. സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി പ്രതിയെ വെറുതെ വിടുകയും ചെയ്തു.

ബന്ധത്തിന് വേണ്ടി തുനിയുന്നതിന് മുമ്ബ് ബ്രഹ്മചാരിയാണോ വിവാഹിതനാണോ എന്ന് പരിശോധിക്കേണ്ടത് സ്ത്രീയുടെ കടമയാണെന്ന് കോടതി പറഞ്ഞു. യുവതിയുടെ പെരുമാറ്റം പ്രതിയുമായി ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണ് കാണിക്കുന്നതെന്നും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ കഥ കെട്ടിച്ചമച്ചുവെന്നും കോടതി നിരീക്ഷിച്ചു,

LEAVE A REPLY

Please enter your comment!
Please enter your name here