പരാതി കൊടുത്തിട്ടും പരിഹാരമില്ല; നാട്ടുകാർക്കും ജീവനക്കാർക്കും ഭീഷണിയായി വൈദ്യുതി ടവറുകൾ

0

പെരുമ്പാവൂർ: പരാതി കൊടുത്തിട്ടും പരിഹാരമില്ല. നാട്ടുകാർക്കും ജീവനക്കാർക്കും ഭീഷണിയായി വൈദ്യുതി ടവറുകൾ. കഴിഞ്ഞ വർഷം കുളമാവിൽ വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ ടവർ തകർന്ന് വീണ് തൊഴിലാളി മരിച്ചിരുന്നു. കാലപഴക്കത്തേ തുടർന്ന് ടവർ തുരുമ്പെടുത്തതാണ് അപകട കാരണം.

ടവറുകൾ പരിശോധിക്കാത്തതാണ് അപകട കാരണമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം കുറിച്ചി സ്വദേശി ജോയ് കുര്യൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റിയും ജോയ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നടപടി ആയില്ലെന്ന് മാത്രമല്ല അപകടങ്ങൾ തുടർക്കഥയാവുകയാണ്.

എൺപതു വർഷം മുൻപു സ്ഥാപിച്ച വൈദ്യുതി ടവറാണ് ചേരാനല്ലൂരുകാരുടെ ശാപം. 15 വർഷത്തിനുള്ളിൽ 3 പ്രാവശ്യമാണു ടവർ മറിഞ്ഞത്. ദിവസങ്ങൾക്കു ശേഷമാണു വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്. പഴക്കവും പുഴത്തീരത്തായതിനാൽ പെട്ടെന്നു കാറ്റടിക്കുന്നതുമാണു മറിയാൻ കാരണം. പെരിയാർ തീരത്ത് അമ്പലക്കടവിനു സമീപത്താണ് ടവർ. 1942ൽ എഫ്ഐടി കമ്പനിക്കു വേണ്ടി പള്ളിവാസലിൽ നിന്നു നീലീശ്വരത്തേക്കു വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ചതാണ് ഇരുമ്പു നിർമിത ടവർ. 2007ലും 2017ലും ടവർ മറിഞ്ഞു.

കഴിഞ്ഞ ദിവസത്തെ മഴയിൽ മറിഞ്ഞതു പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനു സമീപത്തുള്ള ചെറിയ ടവറും ഇതോടൊപ്പം മറിഞ്ഞു. ചേരാനല്ലൂർ, മങ്കുഴി, ഓച്ചാംതുരുത്ത് എന്നിവിടങ്ങളിലെ 1500 കുടുംബങ്ങളിലും ചേരാനല്ലൂർ മൈനർ ഇറിഗേഷൻ പമ്പ് ഹൗസ്, കൂവപ്പടി വാട്ടർ അതോറിറ്റി പമ്പ് ഹൗസ്, വിവിധ ചെറുകിട വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി എത്തുന്നത് നീലീശ്വരം സബ് സ്റ്റേഷനിൽ നിന്ന് ഈ ടവർ വഴിയാണ്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ടവർ മറിഞ്ഞതിനാൽ 2 ദിവസം പൂർണമായി വൈദ്യുതി മുടങ്ങി. ഇപ്പോൾ ഭാഗികമായി പുനഃസ്ഥാപിച്ചു. മുടിക്കൽ പവർ സ്റ്റേഷനിൽ നിന്നാണു വൈദ്യുതി എത്തിക്കുന്നത്. ഏതു സമയവും വൈദ്യുതി മുടങ്ങാം എന്ന മുന്നറിയിപ്പോടെയാണു പുനഃസ്ഥാപിച്ചത്.

ഈ ടവർ പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരുമെന്നു സ്ഥലം സന്ദർശിച്ച കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here