ഹനുമാൻ ജയന്തി റാലിക്കിടെ ഏറ്റുമുട്ടൽ: 14 പേർ അറസ്റ്റിൽ

0

ന്യൂഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചു ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇന്നലെ രാത്രി രണ്ടു സമുദായത്തിൽപ്പെട്ടവർ ഏറ്റുമുട്ടിയ സംഭവത്തിൽ 14 പേരെ അറസ്റ്റ് ചെയ്തു. കല്ലേറിലും തുടർന്നുണ്ടായ സംഘർഷത്തിലും എട്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും ഉൾപ്പെടെ ഒമ്പതു പേർക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ ഡൽഹി പോലീസ് സബ് ഇൻസ്പെക്ടർ മേധലാൽ മീണയും ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്‍റെ കൈയിൽ വെടിയുണ്ട ഏറ്റിട്ടുണ്ട്. മീണയുടെ നില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു. വെടിയുതിർത്തതായി പറയപ്പെടുന്ന അസ്ലമും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു, ഇയാളിൽനിന്ന് ഒരു നാടൻ പിസ്റ്റൾ പിടിച്ചെടുത്തു.

കല്ലേറും അക്രമവുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലെ വീഡിയോകളും ഉപയോഗിച്ചു കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

കലാപം, വധശ്രമം, ആയുധ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിലെയും സ്പെഷൽ സെല്ലിലെയും ഉദ്യോഗസ്ഥരുടെ 10 സംഘങ്ങളെ അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ട്.

എഫ്ഐആറിൽ പറയുന്നതനുസരിച്ച്, റാലി ഒരു പള്ളിക്കു മുന്നിലൂടെ കടന്നുപോകുമ്പോൾ അറസ്റ്റിലായ പ്രതികളിലൊരാളായ അൻസാറും റാലിയിൽ പങ്കെടുത്തവരുമായി തർക്കം ഉടലെടുത്തു. ഉടൻതന്നെ തർക്കം രൂക്ഷമാവുകയും ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here