സിനിയുടെ ഫോട്ടോ മക്കൾ എടുക്കുന്നത് പോലും വിലക്കി; രാത്രി ചെറിയൊരു അനക്കം കേട്ടാൽ പോലും വീടിന് ചുറ്റും റോന്തുചുറ്റുന്ന കടുത്ത സംശയ രോഗി; ഉറങ്ങും മുമ്പ് വീട് പൂട്ടിയ ശേഷം മറ്റൊരു താഴിട്ടുകൂടി പൂട്ടും; കോട്ടയത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ബിനോയിക്കുണ്ടായിരുന്ന വിചിത്ര സ്വഭാവങ്ങൾ

0

കോട്ടയം: കോട്ടയത്ത് ഭാര്യയെ കുത്തികൊലപ്പെടുത്തിയ ബിനോയിക്കുണ്ടായിരുന്നത് കടുത്ത സംശയ രോഗം. പല വിചിത്ര സ്വഭാവങ്ങളും ബിനോയ്ക്കുണ്ടായിരുന്നു. ഭാര്യയുടെ ഫോട്ടോ മക്കൾ എടുക്കുന്നത് പോലും ഇയാൾ വിലക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സിനിയുടെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ പോലും ബിനോയ് സമ്മതിച്ചിരുന്നില്ല. സംശയരോഗത്തെ തുടർന്ന് ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു.

രാത്രി ചെറിയൊരു അനക്കം കേട്ടാൽ പോലും ബിനോയ് വീടിന് ചുറ്റും റോന്തുചുറ്റും. ഇതിന്റെ പേരിൽ ഭാര്യയോട് വഴക്കിടക്കുകയും ചെയ്തിരുന്നു. രാത്രി ഇയാൾ വീടിന്റെ വാതിലുകൾ പൂട്ടിയ ശേഷം മറ്റൊരു താഴിട്ടു കൂടി പൂട്ടും. എന്നിട്ട് ഈ താക്കോൽ സ്വന്തം തലയണക്കടിയിലാണ് സൂക്ഷിച്ചിരുന്നത്. ബിനോയിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതിനെത്തുടർന്നുള്ള കുടുംബവഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് കരുതുന്നത്.

പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ ഇക്കാര്യം പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സിനി ചികിത്സയിലിരിക്കെ മരിച്ചതിനാൽ പ്രതിക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തുമെന്നും പോലീസ് അറിയിച്ചു. പ്രതിയായ ബിനോയ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സംശയ രോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേല്പിച്ച കോട്ടയം പൈക മല്ലികശ്ശേരിയിൽ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംശയരോഗത്തെ തുടർന്ന് സിനിയെ ഭർത്താവ് കണ്ണമുണ്ടയിൽ ബിനോയ് ജോസഫ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഏപ്രിൽ ഒൻപതാം തീയതി രാത്രിയാണ് സംഭവം. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് സിനിയുടെ മരണ കാരണം. കറിക്കത്തി ഉപയോഗിച്ചാണ് ബിനോയ്, സിനിയുടെ കഴുത്തിൽ കുത്തിയത്. വിചിത്രസ്വഭാവക്കാരനായ ബിനോയ് സംശയരോഗത്തെ തുടർന്ന് സിനിയുമായി തുടർച്ചയായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കൊലപാതകം നടക്കുന്നത്. സിനിയുടെ നിലവിളി കേട്ടെത്തിയ മക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പോലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here