കാഞ്ഞിരപ്പള്ളിയില്‍നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്താനായി സി.ബി.ഐയുടെ ലുക്കൗട്ട്‌ നോട്ടീസ്‌

0

കൊച്ചി: കാഞ്ഞിരപ്പള്ളിയില്‍നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്താനായി സി.ബി.ഐയുടെ ലുക്കൗട്ട്‌ നോട്ടീസ്‌.
അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റര്‍പോളിനു യെലോ നോട്ടീസ്‌ നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണു ലുക്കൗണ്ട്‌ നോട്ടീസ്‌ ഇറക്കിയത്‌.
2018 മാര്‍ച്ച്‌ 22-നാണ്‌ കാഞ്ഞിരപ്പള്ളി വെച്ചൂച്ചിറ സ്വദേശി ജെയിംസ്‌ ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയെ (20) കാണാതായത്‌. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം നിഷ്‌ഫലമായതോടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്‌ അന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടത്‌. അന്വേഷണത്തിനു സഹായകമായ വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നു സി.ബി.ഐ. വ്യക്‌തമാക്കി.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്‌ന തിരിച്ചെത്തിയില്ലെന്നു പിതാവ്‌ നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചത്‌. പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്ന പ്രചാരണം കണക്കിലെടുത്ത്‌ സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും വാസ്‌തവമല്ലെന്നു ബോധ്യപ്പെട്ടു. സൈബര്‍ വിദഗ്‌ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി. ക്രൈംബ്രാഞ്ച്‌ സംഘം ബംഗളുരു, പുനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ചെന്നന്വേഷിച്ചെങ്കിലും ജസ്‌നയുടെ തിരോധാനം അഴിയാക്കുരുക്കായി.
ജെസ്‌ന എരുമേലിയില്‍ എത്തിയിരുന്നെന്നു സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു കണ്ടെത്തിയിരുന്നു. ജെസ്‌നയെന്നു കരുതുന്ന പെണ്‍കുട്ടി നടന്നുവരുന്ന ദൃശ്യങ്ങളില്‍ സംശയാസ്‌പദമായി രണ്ടു പേരെ കണ്ടെങ്കിലും അവരെ തിരിച്ചറിയാനായില്ല. ജെസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ ഡി.ജി.പി അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ജെസ്‌നയെപ്പറ്റി ചില സൂചനകള്‍ ലഭിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവിയായിരുന്ന കെ.ജി. സൈമണ്‍ വെളിപ്പെടുത്തിയതും 2020 മേയില്‍ ക്രൈംബ്രാഞ്ച്‌ എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരി അത്‌ ഏതാണ്ട്‌ ശരിവച്ചതും പ്രതീക്ഷയ്‌ക്കു വകനല്‍കിയിരുന്നു. അതിനു പിന്നാലെ കെ.ജി. സൈമണ്‍ ജെസ്‌നയുടെ വീട്ടില്‍ സന്ദര്‍ശിച്ചത്‌ ഊഹോപോഹങ്ങള്‍ക്കു വഴിവച്ചു. അതിനിടെ, ജെസ്‌നയെ ബംഗളുരുവില്‍ കണ്ടതായി പ്രചാരണമുണ്ടായെങ്കിലും ശരിയല്ലെന്നായിരുന്നു കണ്ടെത്തല്‍.

Leave a Reply