യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ബോറിസ്‌ ജോണ്‍സണ്‍

0

കീവ്‌: ആഴ്‌ചകളായി റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍. റഷ്യക്കെതിരേ പ്രതിരോധം തീര്‍ക്കുന്ന യുക്രൈന്‍ ജനതയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു യു.കെ. പ്രധാനമന്ത്രിയുടെ അപ്രഖ്യാപിത സന്ദര്‍ശനം. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്‌ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ യുക്രൈനിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുമെത്തിയത്‌.
കീവിലെത്തിയ ബോറിസ്‌ ജോണ്‍സണ്‍ യുക്രൈന്‍ പ്രധാനമന്ത്രി വൊളോഡിമിര്‍ സെലന്‍സ്‌കിയെ നേരില്‍ക്കണ്ട്‌ ചര്‍ച്ച നടത്തി. ഒരുമേശയ്‌ക്കപ്പുറവും ഇപ്പുറവുമിരുന്ന്‌ സെലന്‍സ്‌കിയുമായി സംഭാഷണം നടത്തുന്ന ജോണ്‍സന്റെ ചിത്രം യുക്രൈനിലെ ബ്രിട്ടീഷ്‌ നയതന്ത്രകാര്യാലയം പുറത്തുവിട്ടു. യുക്രൈനുള്ള ദീര്‍ഘകാല പിന്തുണ സംബന്ധിച്ച്‌ ഇരുനേതാക്കളും ചര്‍ച്ച്‌ ചെയ്‌തതായി എംബസി വക്‌താവ്‌ അറിയിച്ചു. ഇതിനു പുറമേ യുക്രൈനുള്ള പുതിയ സാമ്പത്തിക, സൈനിക സഹായവും ചര്‍ച്ചാവിഷയമായി. റഷ്യന്‍ അധിനിവേശം തുടങ്ങിയശേഷം ജി-7 രാജ്യങ്ങളില്‍നിന്നു യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യഭരണത്തലവനാണ്‌ ബോറിസ്‌ ജോണ്‍സണ്‍. റഷ്യന്‍ സൈനികര്‍ കൂട്ടക്കശാപ്പു നടത്തിയ കീവിനു സമീപത്തെ ബുച്ച ഉള്‍പ്പെടെയുള്ള മേഖലകള്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്‌ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ റഷ്യന്‍ ചെയ്‌തികളെ അതിരൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ബുച്ചയില്‍ സാക്ഷ്യം വഹിക്കേണ്ടിവന്ന ഭീകരത വിവരിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു പ്രതികരണം. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്റെ സൈനികരുടെ ബീഭത്സമുഖം വെളിപ്പെടുത്തുന്നതാണ്‌ ബുച്ചയിലെ കൂട്ടക്കുരുതി. രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിനായി ചെറുത്തുനില്‍പ്പു നടത്തുന്ന യുക്രൈന്‍ ജനതയുടെ പോരാട്ടവീര്യത്തിനൊപ്പമാണു യൂറോപ്യന്‍ യൂണിയനെന്നും ഉര്‍സുല കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here