ബാലകൃഷ്ണപിള്ളയുടെ പേരില്‍ കോടിക്കണക്കിന് സ്വത്ത്; 50 ഏക്കര്‍ ഭൂമി, മൂന്നിലൊന്ന് വേണമെന്ന് ഉഷ, ചര്‍ച്ച പരാജയം

0

 
കൊട്ടാരക്കര: അന്തരിച്ച മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് സംബന്ധമായ തര്‍ക്കം പരിഹരിക്കാന്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായില്ല. കോടതി നിര്‍ദേശപ്രകാരമാണ് മക്കളായ ബിന്ദു ബാലകൃഷ്ണന്‍, കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ, ഉഷ മോഹന്‍ദാസ് എന്നിവര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കും. ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നായിരുന്നു മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ ആവശ്യം. 

സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണന്‍, കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെബി ഗണേഷ്‌കുമാര്‍ സമയം ചോദിച്ചിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്ക് ഗണേഷ്‌കുമാര്‍ തയാറായില്ല. ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരില്‍ വ്യാജ വില്‍പത്രം തയാറാക്കിയെന്ന ഹര്‍ജിയുമായാണ് ഉഷ മോഹന്‍ദാസ് കോടതിയില്‍ എത്തിയത്. വില്‍പത്രം വ്യാജമല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുള്ളതിനാല്‍ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്. ഇതോടെ മധ്യസ്ഥ ചര്‍ച്ച അവസാനിച്ചു. മധ്യസ്ഥ ചര്‍ച്ച നടത്തിയ അഡ്വ. എന്‍ സതീഷ്ചന്ദ്രന്‍ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും. 

ബാലകൃഷ്ണപിള്ളയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് മകള്‍ ഉഷ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 33 വസ്തു വകകളുടെ പൂര്‍ണ വിവരങ്ങള്‍ ഉഷ മോഹന്‍ദാസ് കൊട്ടാരക്കര സബ് കോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാളകം, കൊട്ടാരക്കര, അറയ്ക്കല്‍, ചക്കുവരക്കല്‍, ഇടമുളക്കല്‍ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയര്‍ന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്.
കൂടാതെ കൊടൈക്കനാലില്‍ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാര്‍ത്താണ്ഡന്‍കര തിങ്കള്‍കരിക്കത്ത് സ്‌കൂള്‍, അറക്കല്‍ വില്ലേജില്‍ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയില്‍ ഉണ്ട്. 270 പവന്‍ സ്വര്‍ണാഭരണങ്ങളും ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരില്‍ ഉണ്ടെന്നാണ് ഉഷ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here