കുഞ്ഞു ഇസാൻ ഉഷാറാണ്’; സ്പീക്കർ രക്ഷിച്ച കുഞ്ഞും കുടുംബവും അപകടനില തരണം ചെയ്തു

0

അപകടനില തരണം ചെയ്ത് സ്പീക്കർ എം.ബി.രാജേഷ് രക്ഷിച്ച കുഞ്ഞും കുടുംബവും. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം മംഗലപുരത്തിനടുത്ത് അപകടത്തിൽപ്പെട്ട കുടുംബത്തിന് സ്പീക്കർ രക്ഷകനായി അവതരിച്ചത് . കുഞ്ഞു ഇസാന് പരിക്കുകളുണ്ട്. തലയിൽ തുന്നലുണ്ട്. നല്ല വേദനയുണ്ട്. പക്ഷെ സുരക്ഷിതനായി സന്തോഷവാനായി ഇരിക്കുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഇസാനും മാതാപിതാക്കളും യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിന്റെ ഡോർ തുറന്ന് ഇസാനും അമ്മ സഹറയും ഇരുവശങ്ങളിലേക്ക് തെറിച്ചുവീണു. ഇതേസമയത്താണ് സ്പീക്കറുടെ വാഹനവും ഇവിടെയെത്തിയത്. തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് റോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഇസാനെ സ്പീക്കർ കണ്ടത്.

വാഹനം നിർത്തി ഇറങ്ങിയപ്പോള്‍ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട ആൾട്ടോ കാറും കണ്ടു. കുഞ്ഞ് ഇസാനെ കോരിയെടുത്ത്, വാഹനത്തിനുള്ളില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്പീക്കർ ആശുപത്രിയിലേക്ക് കുതിച്ചു. ആദ്യം തൊട്ടടുത്തുള്ള കഴക്കൂട്ടം സി എസ് ഐ മിഷന്‍ ഹോസ്പിറ്റലിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. പൈലറ്റ് വാഹനത്തിലാണ് ഇസാന്റെ മാതാപിതാക്കളെയും ആശുപത്രയിലെത്തിച്ചത്.

മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കായി സ്പീക്കർ നേരിട്ട് ഇടപെട്ടാണ് സൗകര്യം ഒരുക്കിയത്. കുടുംബത്തിന്റെ വിവരങ്ങൾ നിരന്തരം അന്വേഷിക്കുന്നുമുണ്ട്. സഹറയുടെ കഴുത്തിനും കാലിനും തലയ്ക്കും സാരമായ പരിക്കുണ്ട്. സ്പീക്കർ കുടുംബത്തിന്റെ രക്ഷകനായ വിവരം സമുഹമാധ്യമങ്ങളിലും വലിയ ചർച്ചയാണ്. തിരുവനന്തപുരം കണിയാപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply