കേരളത്തെ പണ്ടത്തെ കശ്മീരാക്കാൻ ശ്രമം; തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും’

0

തിരുവനന്തപുരം∙ മതതീവ്രവാദികളുടെ പ്രവർത്തനത്തെ ചെറുക്കുന്നതിന് ആവശ്യമായ ജനാധിപത്യപരമായ പ്രവർത്തനങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏപ്രിൽ 29ന് പാർട്ടി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. വർധിക്കുന്ന മതതീവ്രവാദം ചെറുക്കുന്നത് സംബന്ധിച്ച പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മതതീവ്രവാദത്തെ സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കും. പൊതു സമ്മേളനത്തിലും പട്ടികജാതി മോർച്ച പരിപാടിയിലും സംസ്ഥാന സമിതി യോഗത്തിലും അമിത് ഷാ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എത്ര ബിജെപി പ്രവർത്തകര്‍ കൊല്ലപ്പെട്ടാലും മത തീവ്രവാദത്തിനെതിരെ പോരാട്ടം തുടരും. പോപ്പുലർ ഫ്രണ്ട് ജനാധിപത്യത്തിൽ വിശ്വസിക്കാത്ത മതഭീകരവാദ സംഘടനയാണ്. സമൂഹം ഒറ്റപ്പെടുത്തേണ്ട രാജ്യവിരുദ്ധ സംഘടനയാണവർ. പോപ്പുലർ ഫ്രണ്ടിനെ മുന്നിൽ നിര്‍ത്തി മുസ്‌ലിം വിഭാഗത്തിലെ ഒരു കൂട്ടരെ കൂടെ കൂട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. തൽക്കാലത്തേക്കു കുറച്ച് വോട്ടു കിട്ടുമെങ്കിലും ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇത് കാരണമാകും.

കഴിഞ്ഞ ആറു വർഷത്തിനിടെ 24 ബിജെപി–ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. 7 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരാണ്. ബിജെപിയെയും പോപ്പുലർ ഫ്രണ്ടിനെയും ഒരുപോലെ ചിത്രീകരിക്കുന്നവർ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് നാടിനെ തകർക്കാൻ നടക്കുന്ന സംഘടനയാണ്. പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം. കേരളത്തെ പണ്ടത്തെ കശ്മീരാക്കാനാണ് ശ്രമം. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here