അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ നിറകണ്ണുകളോടെ പരീക്ഷയെഴുതി അനന്തു

0

കൊട്ടിയം∙ സ്വകാര്യ ബസും ഒ‍ാട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒ‍ാട്ടോറിക്ഷ ‍ഡ്രൈവർ മരിച്ചു. കൊട്ടിയം ഒ‍ാട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കണ്ടച്ചിറ മുക്ക് രഞ്ജിനി ഭവനിൽ സുനിൽ (മധു–49) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് കുണ്ടറ പുന്നമുക്കിലായിരുന്നു അപകടം. കൊട്ടിയം ഭാഗത്തേക്കു അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഒ‍ാട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ സുനിലിനെ ആദ്യം കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാര്യ: രഞ്ജിനി. മക്കൾ: കൃഷ്ണേന്ദു, അനന്തു കൃഷ്ണൻ.

അപകടത്തിൽ മരിച്ച അച്ഛന്റെ ചേതനയറ്റ ശരീരം കണ്ടശേഷം പരീക്ഷാഹാളിലെത്തി കണക്കു പരീക്ഷയെഴുതുമ്പോൾ അനന്തുകൃഷ്ണന്റെ മനസ്സിൽ അച്ഛൻ പകർന്ന സ്വപ്നങ്ങളായിരുന്നിരിക്കണം. അപകടത്തിൽ മരിച്ച അച്ഛൻ സുനിലിന്റെ ചേതനയറ്റ ശരീരം കണ്ട ശേഷമാണ് അനന്തു കൃഷ്ണൻ ഇന്നലെ പത്താംക്ലാസ് കണക്കു പരീക്ഷയെഴുതിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കരഞ്ഞു കലങ്ങിയ കണ്ണും നീറുന്ന മനസ്സുമായാണ് മയ്യനാട് വെള്ളമണൽ ഗവ. എച്ച്എസിലെ പരീക്ഷ ഹാളിൽ അനന്തുകൃഷ്ണൻ എത്തിയത്. കെട്ടുറപ്പുള്ള വീടെന്ന തന്റെ ആദ്യ സ്വപ്നം യഥാർഥ്യമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സുനിൽ. വാർപ്പു കഴിഞ്ഞ് കട്ടിളകൾ സ്ഥാപിച്ചു പാതി വഴിയിലായ അവസ്ഥയിലായിരുന്നു വീടു നിർമാണം.

തൊഴിലുറപ്പു തൊഴിലാളിയായ ഭാര്യ രഞ്ജിനിയും വിദ്യാർഥികളായ കൃഷ്ണേന്ദുവും അനന്തു കൃഷ്ണനും തങ്ങളുടെ സ്വപ്ന ഭവനം ഉടൻ യാഥാർഥ്യമാകുന്ന പ്രതീക്ഷയിലായിരുന്നു. ജീവിത യാത്രയിൽ എന്തു പ്രയാസങ്ങൾ ഉണ്ടെങ്കിലും തങ്ങൾ പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹം സഫലമാക്കാനാണ് അനന്തുകൃഷ്ണൻ വേദനയിലും പരീക്ഷ എഴുതിയത്. അച്ഛന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഇനി കോർത്തിണക്കണമെങ്കിൽ ഈ കുരുന്നുകൾക്ക് മുന്നിൽ പ്രതിസന്ധികൾ ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here