കാറുകൾക്ക് കാലപ്പഴക്കം; മന്ത്രിമാർക്കായി 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ; സ്റ്റേറ്റ് കാറിന്റെ പ്രോട്ടോകോൾ ഇങ്ങനെ..

0

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ. കാറുകളുടെ കാലപ്പഴക്കത്തെ തുടർന്നാണ് ശുപാർശ നൽകിയത്. ഇക്കാര്യം ധനകാര്യ വകുപ്പ് പരിശോധിച്ചുവരികയാണ്. അടുത്തിടെ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്. സർക്കാർ വാഹനങ്ങൾ 10 വർഷം സേവന കാലാവധിയോ മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്പോഴാണ് സാധാരണയായി സേവനത്തിൽനിന്ന് മാറ്റുന്നതെന്നു ടൂറിസം വകുപ്പിലെ വാഹനങ്ങളുടെ ചുമതലയുള്ള അസി. എൻജീനീയർ പറഞ്ഞു. ടൂറിസം വകുപ്പാണ് മന്ത്രിമാർക്കുള്ള ഔദ്യോഗിക വാഹനം അനുവദിക്കുന്നത്. പ്രോട്ടോക്കോൾ അനുസരിച്ച് മൂന്ന് വർഷവും ഒരു ലക്ഷം കിലോമീറ്ററും മാത്രമേ ഇവ ഔദ്യോഗിക വാഹനമായി ഉപയോഗിക്കാൻ സാധിക്കൂവെന്നാണ് നിർദേശം.

നിലവിലുള്ള പ്രോട്ടോക്കോൾ അനുസരിച്ച് 17 മന്ത്രിമാരുടെ ഔദ്യോഗിക കാറുകൾ മാറാറായവയാണ്. ഇവയെല്ലാം 2017-ൽ വാങ്ങിയതും ഒരു ലക്ഷത്തിലധികം കിലോമീറ്റർ സഞ്ചരിച്ചവയുമാണ്. ധനമന്ത്രിയുടെ കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട കാർ അഞ്ച് വർഷത്തിലധികം പഴക്കമുള്ളതും 1,64,000 കിലോമീറ്റർ ഓടിയതുമാണെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി ഉപയോഗിക്കുന്ന കറുത്ത ഇന്നോവ ക്രിസ്റ്റ മാത്രമാണ് ഔദ്യോഗിക വാഹനങ്ങളിൽ പുതിയതായുള്ളത്. ഇത് പോലീസ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ്. അദ്ദേഹം മുമ്പ് ഉപയോഗിച്ചിരുന്ന വെള്ള ഇന്നോവ 2017 മോഡലാണ്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാധാകൃഷണൻ തുടങ്ങിയവരുടെ വാഹനം 2019-ൽ വാങ്ങിയവയാണ്. അതേസമയം, മന്ത്രി വി.അബ്ദുറഹ്‌മാൻ അദ്ദേഹത്തിന്റെ സ്വന്തം വാഹനമാണ് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മന്ത്രിമാർക്ക് ഔദ്യോഗിക വാഹനം വാങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ കാർ ലഭിച്ചത്. സുരക്ഷ മുൻനിർത്തിയാണ് 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളും അകമ്പടിക്കായി ടാറ്റ ഹാരിയർ കാറും വാങ്ങിയത്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശുപാർശ അനുസരിച്ച്, സുരക്ഷാ കാരണങ്ങളാൽ കാറുകളുടെ നിറം വെള്ളയിൽനിന്ന് കറുപ്പിലേക്കു മാറ്റിയിരുന്നു. ആഭ്യന്തരവകുപ്പാണ് മുഖ്യമന്ത്രിക്കായി വാഹനങ്ങൾ വാങ്ങിയത്.

ആദ്യ ടേമിൽ വാങ്ങിയ വാഹനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതേസമയം, 10 പുതിയ കാറുകൾ വാങ്ങണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെലവ് ചുരുക്കണമെന്ന ടൂറിസം വകുപ്പിന്റെ തീരുമാനമുള്ളതിനാലാണ് സ്റ്റേറ്റ് കാറുകൾ സുരക്ഷ കാലാവധി അവസാനിച്ചിട്ടും ഉപയോഗിക്കുന്നതെന്നാണ് വിവരം

LEAVE A REPLY

Please enter your comment!
Please enter your name here