തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20യുമായി കൈകോർക്കാൻ കരുക്കൾ നീക്കി ആം ആദ്മി;  തൃക്കാക്കരയെന്ന യുഡിഎഫ് കോട്ടയിലേക്ക് ഉറ്റു നോക്കി രാഷ്ട്രീയ കേരളം

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20യുമായി കൈകോർക്കാൻ കരുക്കൾ നീക്കുകയാണ് ആം ആദ്മി പാർട്ടി. ഇത്തവണ ട്വന്റി 20യുടെ പിന്തുണയോടെ സ്ഥാനാർത്ഥിയെ നിർത്താനാണ് ആം ആദ്മി കണക്കു കൂട്ടുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി ചർച്ച ചെയ്ത് എടുക്കുമെന്ന് പാർട്ടി സംസ്ഥാന കൺവീനർ പിസി സിറിയക് പറഞ്ഞു.

തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ ട്വന്റി-20 സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന കണക്കുകൂട്ടലിലാണ് ആം ആദ്മി പാർട്ടി. മൂന്ന് മുന്നണികൾക്കുമെതിരേയുള്ള ട്വന്റി-20 വോട്ടുകൾ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് ആം ആദ്മിയുടെ പ്രതീക്ഷ. ട്വന്റി 20-യിൽ നിന്നുള്ള സൂചനകളിൽനിന്ന് കാര്യങ്ങൾ അനുകൂലമാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. എന്നാൽ, ട്വന്റി-20 ഭാരവാഹികളുമായി ഔദ്യോഗിക ചർച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാർട്ടിയാണ് ട്വന്റി 20. ഇത്തവണ മുഖം മിനുക്കിയെത്തുന്ന ആം ആദ്മിയുമായി കൈ കോർക്കുകയാണെങ്കിൽ, സിറ്റിങ് സീറ്റ് നിലനിർത്താൻ ഒരുങ്ങുന്ന കോൺഗ്രസിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിനും വെല്ലുവിളി ഉയർത്താനാണ് ട്വന്റി 20 ലക്ഷ്യമിടുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു കാര്യത്തിൽ ട്വന്റി-20 ഇതുവരെ നിലപാട് പരസ്യമാക്കിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി 20-യുടെ സ്ഥാനാർത്ഥി ഡോ. ടെറി തോമസ് 13,897 വോട്ട് നേടിയിരുന്നു, പോൾ ചെയ്തതിന്റെ 10.18 ശതമാനമാണിത്.

ഉപതിരഞ്ഞെടുപ്പു കാര്യത്തിൽ ആം ആദ്മി പാർട്ടിയും ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. പഞ്ചാബിലെ വൻവിജയത്തിൽ ദേശീയ നേതൃത്വം ആവേശത്തിലാണ്. അതിനാൽ, മത്സരിക്കാനുള്ള അവസരം ഉപേക്ഷിക്കാനിടയില്ല. വളരാൻ കിട്ടുന്ന അവസരം പാഴാക്കരുതെന്ന അഭിപ്രായം പാർട്ടിയിലുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് സമയം പാഴക്കരുതെന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടി നീങ്ങണമെന്നാണ് അവരുടെ അഭിപ്രായം.

ഡൽഹിയിൽ പ്രവർത്തിക്കുന്ന മലയാളി വിൻസെന്റ് ഫിലിപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്ന കാമ്പയിനും ആം ആദ്മിയിൽ നടക്കുന്നുണ്ട്. എറണാകുളം ജില്ലക്കാരായ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും നടക്കുന്നു.

കേരളത്തിൽ പാർട്ടിയെ ശക്തമാക്കണമെന്ന് ആം ആദ്മി ദേശീയ സമിതി നിർദേശിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തമിഴ്‌നാട് സ്വദേശി എം. രാജയെ കേരള നിരീക്ഷകനായി വെച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വൈകാതെ യോഗം ചേർന്ന് നിലപാട് തീരുമാനിക്കുമെന്ന് സംസ്ഥാന കൺവീനർ പി.സി. സിറിയക്ക് നൽകുന്ന സൂചന.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച ജയം നേടി അധികാരം പിടിച്ചതിന് പിന്നാലെ കേരളത്തിൽ പാർട്ടി അംഗത്വത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ആം ആദ്മി പാർട്ടി നേതാക്കൾ പറയുന്നത്. തൃക്കാക്കരയിൽ മത്സരിക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രവർത്തനമെങ്കിലും ഉപതെരഞ്ഞെടുപ്പിൽ ഇടത്- വലത് മുന്നണികൾക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് ഗുണം ചെയ്യുമെന്നാണ് ആം ആദ്മി സംസ്ഥാന ഘടകം കണക്കുകൂട്ടുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണക്കുമെന്ന് ട്വന്റി 20 സൂചന നൽകിയിട്ടുണ്ടെന്നാണ് ആം ആദ്മി സംസ്ഥാന കൺവീനർ പിസി സിറിയക് പറയുന്നത്. ‘മത്സരിക്കുന്നെങ്കിൽ ആം ആദ്മി സ്ഥാനാർത്ഥിയാകും മത്സരിക്കുക. അതിൽ സംശയമൊന്നുമില്ല. ട്വന്റി20യുടെ നേതാക്കൾ ആ വിധത്തിലുള്ള സൂചനകൾ നൽകിയിട്ടുണ്ട്. നമ്മൾ മത്സരിച്ചാൽ അവരുടെ പിന്തുണ ഉറപ്പാണെന്നുള്ള സൂചനകൾ കിട്ടിയിട്ടുണ്ട്.’ അതുകൊണ്ട് വേറെ പൊതുസ്ഥാനാർത്ഥി എന്ന ചർച്ചയുടെ ആവശ്യമില്ലെന്നും സിറിയക് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിൽ ഇതിനോടകം തന്നെ സാന്നിധ്യം അറിയിച്ച രാഷ്ട്രീയ പാർട്ടിയാണ് ട്വന്റി 20. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്റി 20യ്ക്കായി മത്സരിച്ച ഡോ. ടെറി തോമസിന് 13,773 വോട്ടുകൾ ലഭിച്ചിരുന്നു. പോൾ ചെയ്തതിന്റെ 10.25 ശതമാനം വരും ഇത്. 11.32 ശതമാനം വോട്ട് നേടിയ ബിജെപിക്ക് തൊട്ടുപിന്നിലാണ് ട്വന്റി20 നിലവിൽ തൃക്കാക്കരയിലുള്ളത്.

ഇത് നിലനിർത്തുന്നതിനൊപ്പം ആം ആദ്മിയുടെ വോട്ടുകൾ കൂടി നേടാനായാൽ മണ്ഡലത്തിലെ വിജയിയെ നിർണയിക്കുന്ന നിർണായക ഘടകമായി ഈ സഖ്യം മാറും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിവിട്ടുപോയ വി ഫോർ കൊച്ചി പ്രവർത്തകർ തിരിച്ചെത്തുന്നതും ആം ആദ്മിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

ആം ആദ്മിയും ട്വന്റി 20യും കൈ കോർക്കുമ്പോൾ കോൺഗ്രസിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടായേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. തങ്ങളുടെ വോട്ടുകൾ പൂർണ്ണമായി പെട്ടിയിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ പുതുതലമുറ പാർട്ടികളുടെ കടന്നുവരവ് തിരിച്ചടിയാകാൻ ഇടയുണ്ട്.

തൃക്കാക്കരയെന്ന യുഡിഎഫ് കോട്ട ഭരണത്തിന്റെ തണലിൽ ഇത്തവണ എങ്ങനെയും പിടിച്ചെടുക്കാനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഈ സാഹചര്യം മുന്നിൽ കണ്ടാകും ഇരു മുന്നണികളും സ്ഥാനാർത്ഥികളെ നിർത്തുന്നതും പ്രചാരണം നയിക്കുന്നതും.

Leave a Reply