പാലക്കാട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു

0

പാലക്കാട്: കൊല്ലങ്കോട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു. കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശിനിയായ ധന്യ (16) ബാലസുബ്രഹ്‌മണ്യം(23) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച കാലത്ത് ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രണയത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതാണ് യുവാവ് പെൺകുട്ടിയെ തീ കൊളുത്താൻ കാരണമെന്ന് പ്രാഥമിക വിവരം.

ബാലസുബ്രഹ്‌മണ്യവും പെൺകുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തു. പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതുകാരണമാകാം പെൺകുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

തുടർന്ന് മുറിയിൽവെച്ച് പെൺകുട്ടിയെ തീകൊളുത്തുകയായിരുന്നു. യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയിൽനിന്ന് തീയും പുകയും ഉയർന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടർന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അതേസമയം, പെൺകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് മകൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പെൺകുട്ടി എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും ബാലസുബ്രഹ്‌മണ്യത്തിന്റെ അമ്മ പ്രതികരിച്ചു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയാണ് പതിനാറുകാരിക്കും ബാലസുബ്രഹ്‌മണ്യവും.

Leave a Reply