പാതയോരത്ത് അന്തിയുറങ്ങുന്ന മൂന്നാം ക്ലാസുകാരന് അധ്യാപകനായി ട്രാഫിക് പോലീസുകാരൻ; വൈറലാകുന്ന ചിത്രം കാണാം

0

കൊൽക്കത്ത: അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകാതെ വാഹങ്ങൾ നിയന്ത്രിക്കുക എന്നതാണ് ഒരു ട്രാഫിക് പോലീസുകാരന്റെ ഡ്യൂട്ടി. അതിനവർ തരണം ചെയ്യുന്നത് കൊടും തണുപ്പും ചുട്ടുപൊള്ളുന്ന വെയിലുമൊക്കെയാണ്. എന്നാൽ ഇവിടെ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഒരു കുട്ടിയ്ക്ക് അധ്യാപകൻ കൂടിയാകുകയാണ്. കൊൽക്കത്ത പൊലീസ് ട്രാഫിക് ഉദ്യോഗസ്ഥനായ പ്രകാശ് ഘോഷ് ആണ് ഒരേസമയം പോലീസുകാരനും അധ്യാപകനും ആയിരിക്കുന്നത്. ഒരു പ്രാദേശിക ലേഖകൻ പകർത്തിയ ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ ഡ്യൂട്ടിക്കപ്പുറം ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് കൂടി കൈത്താങ്ങാകാൻ ഇദ്ദേഹത്തിന് കഴിയുന്നു എന്നതാണ് ഈ സംഭവത്തിന്റെ പ്രത്യേകത.

കൊൽക്കത്ത പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് ഈ ചിത്രം പങ്കിട്ടിരുന്നു. സൗത്ത് കൊൽക്കത്തയിലെ ബാലി​ഗഞ്ച് ഐടിഐക്ക് സമീപമാണ് അദ്ദേഹം തന്റെ ഡ്യൂട്ടി നിർവ്വഹിച്ചിരുന്നത്. തൊട്ടടുത്തുള്ള ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന അമ്മയെയും മകനെയും ഇദ്ദേഹം പരിചയപ്പെട്ടിരുന്നു. സ്വന്തമായി വീടില്ലാത്ത ഇവർ പാതവക്കിലാണ് അന്തിയുറങ്ങിയിരുന്നത്.

മൂന്നാം ക്ലാസുകാരനായ മകന് പഠനത്തിൽ താത്പര്യമില്ലെന്ന് തോന്നിയപ്പോഴാണ് അമ്മ പൊലീസ് ഉദ്യോ​ഗസ്ഥനോട് തന്റെ ആശങ്ക പങ്കുവെച്ചത്. മകനെ പഠനത്തിൽ സഹായിക്കാമെന്ന് അദ്ദേഹം അമ്മക്ക് വാ​ഗ്ദാനം ചെയ്തു. അങ്ങനെ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ കുട്ടിയെ പഠനത്തിൽ സഹായിക്കാനും ആരംഭിച്ചു. ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്താണ് അദ്ദേഹം മൂന്നാം ക്ലാസുകാരനായ കുട്ടിയെ പഠിപ്പിക്കുന്നത്. പാവപ്പെട്ട കുടുംബത്തോട് പൊലീസ് ഉദ്യോ​ഗസ്ഥൻ പ്രകടിപ്പിക്കുന്ന അനുകമ്പയിൽ സമൂഹമാധ്യമങ്ങളൊന്നടങ്കം ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here