കോവിഡ്‌ പ്രതിരോധത്തിന്‌ ഹോമിയോപ്പതി മരുന്നായ ആഴ്‌സനിക്കം ആല്‍ബം 30 ഇ.ഒയുടെ ഉപയോഗം കേരളത്തില്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

0

കോവിഡ്‌ പ്രതിരോധത്തിന്‌ ഹോമിയോപ്പതി മരുന്നായ ആഴ്‌സനിക്കം ആല്‍ബം 30 ഇ.ഒയുടെ ഉപയോഗം കേരളത്തില്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.
65 വയസിനു മുകളിലുള്ളവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ഇതു നല്‍കുന്നത്‌ അടിയന്തരമായി തടയണമെന്നാണ്‌ ആവശ്യം. രാജഗിരി ആശുപത്രിയിലെ ഡോ. സിറിയക്‌ ആബി ഫിലിപ്പ്‌ ഉള്‍പ്പെടെ മൂന്ന്‌ അലോപ്പതി ഡോക്‌ടര്‍മാരാണു ഹര്‍ജിക്കാര്‍. ഇമ്മ്യൂണിറ്റി ബൂസ്‌റ്ററായാണ്‌ ആഴ്‌സനിക്കം ആല്‍ബം നല്‍കുന്നതെന്നും ഇതു കഴിച്ചാല്‍ കോവിഡിനെതിരേ പ്രതിരോധ ശേഷി ലഭിക്കുമെന്ന്‌ ഹോമിയോ മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെട്ടിരുന്നു. ഈ മരുന്ന്‌ ആയുഷ്‌ വഴി സ്‌കൂളുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ വഴി വീടുകളിലും എത്തിച്ചിരുന്നു.
ആഴ്‌സനിക്കം ആല്‍ബം എന്ന പ്രതിരോധ മരുന്ന്‌ പ്രവര്‍ത്തനക്ഷമമല്ലെന്നാണു പ്രമുഖ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ വ്യക്‌തമാക്കുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. ഫലപ്രാപ്‌തി ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ചെറുപ്പക്കാര്‍ക്കു നല്‍കുന്നതിനോട്‌ എതിര്‍പ്പില്ലെന്നും ഹര്‍ജിയില്‍ വ്യക്‌തമാക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി കേന്ദ്ര ആരോഗ്യവകുപ്പ്‌, ആയുഷ്‌, സംസ്‌ഥാന ചീഫ്‌ സെക്രട്ടറി, ഹോമിയോപ്പതിക്‌ റിസര്‍ച്ച്‌ ഡയറക്‌ടര്‍ എന്നിവര്‍ക്കു നോട്ടീസയച്ചു. എട്ടാഴ്‌ചയ്‌ക്കകം മറുപടി നല്‍കണം.
ഹോമിയോപ്പതിയുടെ ഫലസിദ്ധിയെപ്പറ്റി ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ. ശൈലജ നടത്തിയ നേരത്തേ പരാമര്‍ശങ്ങള്‍ അലോപ്പതി ഡോക്‌ടര്‍മാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആഴ്‌സനിക്കം ആല്‍ബം കഴിച്ചവരില്‍ കുറച്ചുപേര്‍ മാത്രമേ വൈറസ്‌ ബാധിതരായുള്ളൂ എന്നും വളരെ വേഗം രോഗം ഭേദപ്പെട്ടെന്നുമാണു ശൈലജ പറഞ്ഞത്‌. ആരോഗ്യമന്ത്രി അശാസ്‌ത്രീയ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അതുവഴി ആരോഗ്യപ്രവര്‍ത്തകരെ അവഹേളിക്കരുതെന്നുമായിരുന്നു ഐ.എം.എയുടെ പ്രതികരണം. അലോപ്പതി ഡോക്‌ടര്‍മാര്‍ക്ക്‌ മറ്റു ചികിത്സാ വിഭാഗങ്ങളോട്‌ അസഹിഷ്‌ണുതയാണെന്നായിരുന്നു ഹോമിയോ ഡോക്‌ടര്‍മാരുടെ മറുപടി

Leave a Reply