രാജ്യതലസ്‌ഥാനത്ത്‌ ഹനുമാന്‍ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ 21 പേര്‍ അറസ്‌റ്റില്‍

0

രാജ്യതലസ്‌ഥാനത്ത്‌ ഹനുമാന്‍ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ 21 പേര്‍ അറസ്‌റ്റില്‍. സംഘര്‍ഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ എട്ടു റൗണ്ട്‌ വെടിയുതിര്‍ത്തെന്നു പോലീസ്‌. അറസ്‌റ്റിലായവരില്‍നിന്ന്‌ മൂന്ന്‌ നാടന്‍തോക്കുകളും അഞ്ചു വാളുകളും കണ്ടെടുത്തു.
ജഹാംഗീര്‍ പുരിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ്‌ അറസ്‌റ്റ്‌. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്‌. ഡല്‍ഹി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ മെദലാല്‍ മീണയെ വെടിവച്ചയാളും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു. വെടിയേറ്റ മീണയ്‌ക്കു കൈക്കാണ്‌ പരുക്കേറ്റത്‌. അറസ്‌റ്റിലായ അസ്‌ലം എന്നയാളാണ്‌ മീണയെ വെടിവച്ചത്‌. ഇയാളുടെ പക്കല്‍നിന്ന്‌ നാടന്‍തോക്ക്‌ കണ്ടെടുത്തു. സംഘര്‍ഷത്തിനു തുടക്കമിട്ട അന്‍സാര്‍ എന്നയാളെയും അറസ്‌റ്റ്‌ ചെയ്‌തതായി പോലീസ്‌ പറഞ്ഞു.
ജഹാംഗീര്‍പുരിയിലെ മുസ്ലിം പള്ളിക്കു പുറത്താണ്‌ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്‌. ഹനുമാന്‍ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്‌ക്കുനേരേ കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ്‌ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്നു പോലീസ്‌ പറഞ്ഞു. ആളുകള്‍ കല്ലേറ്‌ നടത്തുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.
കല്ലേറിലും സംഘര്‍ഷത്തിലും എട്ടു പോലീസുകാര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കാണു പരുക്കേറ്റത്‌. സി.സി. ടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താനാണു പോലീസിന്റെ നീക്കം. അന്വേഷണത്തിനായി പത്തു സംഘങ്ങളെയാണു നിയോഗിച്ചിരിക്കുന്നത്‌. കലാപം, വധശ്രമം, അനധികൃതമായി ആയുധം കൈവശംവയ്‌ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണു പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.
ഘോഷയാത്രയുടെ പിന്‍ഭാഗത്തായിരുന്നു താനുണ്ടായിരുന്നതെന്നും തര്‍ക്കം തുടങ്ങിയതോടെ മുന്‍ഭാഗത്തേക്ക്‌ വന്നതായി സബ്‌ ഇന്‍സ്‌പെക്‌ടര്‍ മെദലാല്‍ മീണ പറഞ്ഞു. തര്‍ക്കം ബഹളത്തിലേക്കു നീങ്ങുകയും പള്ളിക്കു മുന്നില്‍ കല്ലേറുണ്ടാവുകയുമായിരുന്നു. രണ്ടു കൂട്ടര്‍ക്കുമിടയില്‍ പോലീസ്‌ നിലയുറപ്പിച്ച്‌ സ്‌ഥിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സംഘര്‍ഷം രൂക്ഷമായത്‌. വടികളും വാളുകളുമായാണ്‌ ആളുകള്‍ ആക്രമണം നടത്തിയത്‌. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന്‌ വെടിവയ്‌പ്പുണ്ടായെന്നും തന്റെ കൈയില്‍ വെടിയേറ്റെന്നും അദ്ദേഹം പറഞ്ഞു. ജഹാംഗീര്‍പുരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ അര്‍ധസൈനികരെ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്‌.

Leave a Reply