കൊച്ചി:നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. താന്‍ പോയത് തിയറ്റേര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പരിപാടിക്കാണ്. ദിലീപിന്റെ വീട്ടിലോ ഒന്നിച്ച് കാപ്പി കുടിക്കാനോ അല്ല. ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത്. അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
ഫിയോക്ക് എന്ന സംഘടനയുടെ ചെയര്‍മാന്‍ ദിലീപ് ആണ്. തിയറ്റര്‍ ഉടമകളുടെ സംഘടന തന്നെയും മധുപാലിനെയും ആദരിക്കാന്‍ വിളിച്ച ചടങ്ങിനാണ് എത്തിയത്. ഈ പരിപാടിയിലേക്കു വിളിച്ചത് അതിന്റെ സെക്രട്ടറിയാണ്. പാലായിലെ തിയേറ്ററിന്റെ ഉടമസ്ഥനായ സുമേഷ് വിളിച്ചിട്ടാണ് പരിപാടിക്ക് വന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
രഞ്ജിത്ത് ദിലീപിനൊപ്പം വേദിയിൽ
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. ദിലീപിനെ ആലുവാ ജയിലില്‍ സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണ്. സംസ്ഥാന സര്‍ക്കാരിന്റെ മുഖമാണെങ്കിലും സിനിമാ പ്രവര്‍ത്തകരുമായുള്ള ബന്ധം തുടരും. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് എടുത്ത് ചാടണോയെന്നും രഞ്ജിത്ത് ചോദിച്ചു.
തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. ഫിയോക് ചടങ്ങില്‍ ദിലീപ് രഞ്ജിത്തിനെ പുകഴ്ത്തി പ്രസംഗിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു. ഭരണഘടന ഭേദഗതിയില്‍ ഉള്‍പ്പെടെ തീരുമാനം കൈക്കൊള്ളാനാണ് ഫിയോക്കിന്റെ ജനറല്‍ ബോഡി കൊച്ചിയില്‍ യോഗം ചേര്‍ന്നത്