തിരുപ്പൂരില്‍ നിന്നും വേങ്ങരയിലേക്ക്‌ കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത നാല്‌ കോടി നാല്‍പ്പത്‌ ലക്ഷം രൂപ വളാഞ്ചേരി പോലീസ്‌ പിടിച്ചെടുത്തു

0

വളാഞ്ചേരി: തിരുപ്പൂരില്‍ നിന്നും വേങ്ങരയിലേക്ക്‌ കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത നാല്‌ കോടി നാല്‍പ്പത്‌ ലക്ഷം രൂപ വളാഞ്ചേരി പോലീസ്‌ പിടിച്ചെടുത്തു. സംഭവത്തില്‍ വേങ്ങര സ്വദേശി പാലേരി ഹംസ(48), കൊളപ്പുറം സ്വദേശി ചെള്ള പറമ്പില്‍ ഫഹദ്‌ (32) എന്നിവര്‍ പിടിയിലായി. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ രാവിലെ 9.45 ന്‌ പട്ടാമ്പി റോഡില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ്‌ അമിത വേഗത്തിലെത്തിയ ബൊലേറോ വാനില്‍നിന്നു പണം കണ്ടെത്തിയത്‌.
വാഹനത്തിന്റെ പിറകിലും അടിയിലുമായി മൂന്നു രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്‌. പ്രതി ഹംസ തിരുപ്പൂരില്‍ വസ്‌ത്രവ്യാപാര സ്‌ഥാപനം നടത്തിവരികയാണ്‌. ഇതോടെ ഒരാഴ്‌ച്ചക്കിടെ മലപ്പുറം ജില്ലയില്‍ 9 കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടിയതായി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ജെ. ജിനേഷ്‌ പറഞ്ഞു.
സമാന രീതയില്‍ കഴിഞ്ഞ ആഴ്‌ച രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന പണവുമായി ദമ്പതികള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായിരുന്നു. സേലത്തുനിന്നു പെരുമ്പാവൂരിലേക്ക്‌ ഇന്നോവ വാഹനത്തില്‍ കടത്തുകയായിരുന്ന ഒരു കോടി എണ്‍പത്‌ ലക്ഷത്തി അമ്പതിനായിരം(1,80,50000 ) രൂപയാണ്‌ വളാഞ്ചേരി- പട്ടാമ്പി റോഡില്‍ വാഹന പരിശോധനയ്‌ക്കിടെ പോലീസ്‌ പിടികൂടിയത്‌. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റുകളെ അറിയിക്കുമെന്നും പോലീസ്‌ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here