രാജസ്‌ഥാനി-ലെ സരിസ്‌ക കടുവാ സങ്കേതത്തില്‍ പടര്‍ന്നു പിടിക്കുന്ന തീയണയ്‌ക്കാന്‍ സൈന്യം രംഗത്ത്‌

0

ജയ്‌പൂര്‍: രാജസ്‌ഥാനി-ലെ സരിസ്‌ക കടുവാ സങ്കേതത്തില്‍ പടര്‍ന്നു പിടിക്കുന്ന തീയണയ്‌ക്കാന്‍ സൈന്യം രംഗത്ത്‌. ആള്‍വാര്‍ ജില്ലയുടെ ഭാഗമായ കടുവാ സങ്കേതത്തില്‍ ഞായറാഴ്‌ച വൈകിട്ടാണു കാട്ടുതീ ആരംഭിച്ചത്‌.
24 മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാതെ വന്നതോടെ അധികൃതര്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ജില്ലാ ഭരണകൂടത്തി-ന്റെ ആവശ്യം പരിഗണിച്ച വ്യോമസേന രണ്ട്‌ എം.ഐ. 17 വി. ഫൈവ്‌ ഹെലികോപ്‌റ്ററുകള്‍ വിന്യസിച്ചു.
ഇതിനു പുറമേ കരമസനയുടെ രണ്ടു ഹെലികോപ്‌റ്ററുകളും രംഗത്തുണ്ട്‌. ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായി അധികൃതരെ ഉദ്ധരിച്ച്‌ ദേശീയമാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു. 1800 ഫുട്‌ബോള്‍ മൈതാനങ്ങളോളം വലപ്പമുള്ള പ്രദേശങ്ങളാണ്‌ ഇതിനകം തന്നെ കത്തിയമര്‍ന്നത്‌. 24 മണിക്കൂറിലേറെയായിട്ടും തീ അണയ്‌ക്കാനോ കുടൂതല്‍ സ്‌ഥലങ്ങളിലേക്കു പടരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല.
തീപിടിത്തം പ്രദേശത്തെ കടുവകളുടെ സഞ്ചാരത്തെ ബാധിച്ചതായി വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു. സരിസ്‌ക കടുവ സങ്കേതത്തില്‍ ഇരുപതിലധികം കടുവകളുണ്ട്‌.
വനപാലകരും അഗ്‌നിരക്ഷാ സേനാംഗങ്ങളും അടക്കം 200 ല്‍ അധികം പേര്‍ സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തമുണ്ടായ പ്രദേശത്തിന്റെ ചുറ്റളവില്‍ താമസിക്കുന്ന ഗ്രാമീണരോട്‌ സുരക്ഷിത സ്‌ഥാനത്തേക്കു മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Leave a Reply