ബംഗാളിലെ ഭിർഭുമിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ തൃണമൂൽ അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

0

കൊൽക്കത്ത∙ ബംഗാളിലെ ഭിർഭുമിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ തൃണമൂൽ അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒട്ടേറെ വീടുകൾക്ക് തീയിട്ടു. പത്ത് പേര്‍ കൊല്ലപ്പെട്ടു. അഗ്നിക്കിരയാക്കിയ ഒരു വീട്ടില്‍നിന്ന് മാത്രം ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

പന്ത്രണ്ടോളം വീടുകള്‍ക്കാണ് തീയിട്ടത്. അഞ്ച് വീടുകൾ പുറത്തുനിന്നും പൂട്ടിയിട്ട ശേഷം ആക്രമികൾ തീവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയെ തടഞ്ഞുവച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് അവർക്ക് അപകടസ്ഥലത്ത് എത്താനായത്. അപ്പോഴേക്കും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞിരുന്നു. സംഘർഷത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

സംഭവത്തിന്റെ അന്വേഷണചുമതല മൂന്നുപേർ അടങ്ങുന്ന പ്രത്യേക സംഘത്തിനാണ്. യൻവന്ദ് സിങ്, മിറാജ് ഖാലിദ്, സഞ്ജയ് സിങ് എന്നിവർക്കാണ് അന്വേഷണ ചുമതല. റാംപുർഹട്ട് പൊലീസ് സ്റ്റേഷർ ഇന്‍ചാർജ് ഓഫിസറിനെയും എസ്ഡിപിഒയെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചയുണ്ടായ ബോംബാക്രമണത്തിലാണ് ബർഷാൽ ഗ്രാമത്തിലെ തൃണമൂൽ നേതാവും ബോഗ്ത്തൂയിലെ താമസക്കാരനുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്. തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് ആ പ്രദേശത്ത് അക്രമസംഭവങ്ങൾ അരങ്ങേറിയത്.

Leave a Reply