കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ രണ്ടാം ദിനവും ചോദ്യം ചെയ്യൽ തുടരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്, എസ്പി എം.ജെ. സോജന്, അന്വേഷണോദ്യോഗസ്ഥന് ബൈജു എം. പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്.
സായ് ശങ്കര്‍ അന്വേഷണ സംഘത്തിനു കൈമാറിയ തെളിവുകളും സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ വീഡിയോ ക്ലിപ്പുകളും മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യൽ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടിലിരുന്നു ദിലീപും കൂട്ടു പ്രതികളും കണ്ടതിനു താന്‍ ദൃക്സാക്ഷിയാണെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്.
കാവ്യയെ ചോദ്യം ചെയ്യും
ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വരും ദിവസങ്ങളില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും മറ്റു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാനായി ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് അറിയുന്നത്. ദിലീപിനോടു ചോദിച്ച ചോദ്യങ്ങൾ കാവ്യയ്ക്കു മുന്നിലും ആവർത്തിച്ചേക്കും. ഉത്തരങ്ങളിൽ പൊരുത്തക്കേടുണ്ടായാൽ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
രേഖകൾ കൈമാറിയോ?
ദിലീപിന്റെ ഫോണില്‍നിന്നു നശിപ്പിച്ച രേഖകള്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ കൈവശം സൂക്ഷിച്ചിരുന്നെന്നും ഇത് അന്വേഷണ സംഘത്തിനു കൈമാറിയതായും സൂചന. വാട്സ് ആപ്പ്, ഇ-മെയില്‍ എന്നിവയിലൂടെയാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് അറിയുന്നത്. ഇയാളെ നേരിട്ട് ചോദ്യം ചെയ്യാന്‍ ക്രൈംബാഞ്ചിനു കഴിഞ്ഞിട്ടില്ല.
ദിലീപിന്റെ ഐ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ നശിപ്പിച്ചതായി നേരത്തെ അന്വേഷണ സംഘം പറഞ്ഞിരുന്നു. 12 ഫോണ്‍ നമ്പറുകളില്‍നിന്നുള്ള വാട്സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളുമായിരുന്നു സായ് ശങ്കര്‍ മാറ്റിയത്. ഈ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ സംഘം സായ് ശങ്കറില്‍നിന്നു ശേഖരിച്ചിട്ടുണ്ട്. നീക്കം ചെയ്ത വിവരങ്ങളുടെ ചില പകര്‍പ്പ് സായ് ശങ്കര്‍ സൂക്ഷിച്ചതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജി ഇന്ന്
കേസില്‍ മൊഴി മാറ്റാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചു സാക്ഷി ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സെന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കുന്നുണ്ട്.
ഇന്നലെ ഹര്‍ജി പരിഗണിക്കവേ സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. കാവ്യ മാധവന്റെ സഹോദരന്റെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ഇയാള്‍.