കൊളുക്കുമല വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ടൂറിസം വകുപ്പ് നടപടികളാരംഭിച്ചു

0

മൂന്നാർ: കൊളുക്കുമല വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ടൂറിസം വകുപ്പ് നടപടികളാരംഭിച്ചു. ആദ്യപടിയായി ചിന്നക്കനാലിൽ ഡ്രൈവർമാർക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. അപകടകരമായ വിധത്തിൽ ജീപ്പ് ഓടിച്ചാൻ വാഹനം ഒഴിവാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമാണ് കൊളുക്കുമലയിലേത്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യോദയം കാണാനും കാലാവസ്ഥ ആസ്വദിക്കാനും നിരവധി സഞ്ചാരികൾ എത്താറുണ്ട്. സൂര്യനെല്ലിയിൽ നിന്നും ഓഫ് റോഡ് ജീപ്പുകളാണ് കൊളുക്കുമലയിലേക്ക് സർവീസ് നടത്തുന്നത്. ഓഫ് റോഡ് ഡ്രൈവിങ്ങിൽ മൂന്ന് വർഷത്തെ പരിചയമുള്ള ഡ്രൈവർമാർക്കാണ് ഇവിടെ ജീപ്പ് ഓടിക്കാൻ അനുമതിയുള്ളത്.

കൊവിഡ് പ്രതിസന്ധിക്കു ശേഷം കൊളുക്കുമലയിലേക്കുള്ള സവാരി പുനരാരംഭിച്ചിരുന്നു. സഞ്ചാരികളെയുമായി സുരക്ഷിതമല്ലാത്ത രീതിയിൽ ചില ഡ്രൈവർമാർ ജീപ്പ് ഓടുക്കുന്നതായി വിനോദ സഞ്ചാര വകുപ്പിന് പരാതി ലഭിച്ചു. ഇതേ തുടർന്നാണ് നടപടികൾ ശക്തമാക്കാൻ ദേവികുളം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളുടെയും ഡ്രൈവർമാരുടെയും വിനോദസഞ്ചാരം, പൊലീസ്, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടയും യോഗം തീരുമാനിച്ചത്.

കൃത്യമായ രേഖകളുള്ള 160 ജീപ്പുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. സവാരിയുടെ നിരക്ക് ഏപ്രിൽ മുതൽ രണ്ടായിരം രൂപയിൽ നിന്നു 2500 രൂപയായി വർദ്ധിപ്പിക്കും. രാവിലെ നാല് മണിമുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം. പ്രാഥമിക ആവശ്യങ്ങൾക്കായി ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കും.സഞ്ചാരികളുടെ സുരക്ഷയെ മുൻനിർത്തി കൊളുക്കുമലയെ സേഫ് ടൂറിസം സോൺ ആക്കി മാറ്റുകയാണ് ലക്ഷ്യം ടൂറിസം വകുപ്പിൻറെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here