കൊച്ചി: എറണാകുളത്ത് ജോലിക്കെത്തിയ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനമേറ്റു. പണിമുടക്ക് അനുകൂലികളാണ് സെക്രട്ടറി കെ. മനോജിനെ മർദ്ദിച്ചത്. ഇയാളെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ സമരാനുകൂലികൾ പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ സെക്രട്ടറി കോതമംഗലം പോലീസിൽ പരാതി നൽകി. ഇതോടെ പോലീസ് സ്ഥലത്തെത്തി സെക്രട്ടറിക്ക് സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു.
ഉച്ചയോടെ തിരിച്ചെത്തിയ സമരാനുകൂലികൾ സെക്രട്ടറിയെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകരും സമരാനുകൂലികളും തമ്മിലും സംഘർഷമുണ്ടായി.
സംഭവത്തിൽ കോതമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.