തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ ‘ റിവഞ്ച് ടൂറിസം’ പ്രോത്സാഹിപ്പിക്കാനൊരുങ്ങി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്. കോവിഡ് കാലത്തു വിനോദയാത്ര ചെയ്യാൻ കഴിയാതിരുന്നവരെ അതിന്റെ പ്രതികാരമെന്ന നിലയ്ക്കു യാത്ര ചെയ്യിക്കുകയാണ് ഉദ്ദേശ്യം. ടൂറിസം കേന്ദ്രങ്ങളിലേക്ക് ഒരേ സമയം കൂടുതൽ പേരെ എത്തിക്കാനുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും, കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വകുപ്പ് പദ്ധതി രൂപീകരിച്ചു.
രണ്ടു വർഷം നഷ്ടത്തിലായ വിനോദസഞ്ചാരമേഖലയ്ക്ക് ഒറ്റയടിക്കു കുതിപ്പു നൽകുകയാണ് ഉദ്ദേശ്യം. ജൂൺ വരെയുള്ള ഹോട്ടൽ ബുക്കിങ്ങുകളുടെ എണ്ണം ശുഭസൂചനയാണു കാണിക്കുന്നത്. ടൂറിസം രംഗത്തു കോവിഡ് കാല പ്രതിസന്ധി മറികടക്കാനുള്ള ചേഞ്ച് ഓഫ് എയർ, ട്രാവൽ ഫോർ ഗുഡ് പ്രചാരണങ്ങളുടെ മൂന്നാംഘട്ടമാണു റിവഞ്ച് ടൂറിസം. ബീച്ച് ടൂറിസം കൂടുതൽ സജീവമാക്കും. ഇതു വരുമാന മാർഗമാക്കി മാറ്റും. ബീച്ചുകൾ കേന്ദ്രീകരിച്ചു സാഹസിക ടൂറിസം വിപുലീകരിക്കും.
ഹെലി ടൂറിസം പ്രോത്സാഹിപ്പിക്കാനായി വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ഹെലി പാഡുകൾ ഒരുക്കും. ബജറ്റിൽ പ്രഖ്യാപിച്ച ക്രൂസ് ടൂറിസം പദ്ധതിയുടെ പ്രാഥമിക ചർച്ചകൾ തുടങ്ങി. നിലവിൽ മഹാരാഷ്ട്രയിൽനിന്നു ക്രൂസ് കേരളം വഴി ലക്ഷദ്വീപിലേക്കു പോകുന്നുണ്ട്. കേരളത്തിനു കൂടുതൽ ഗുണം ചെയ്യുന്ന തരത്തിൽ പുതിയ ക്രൂസ് സർവീസുകളെ ആകർഷിക്കാനാണ് ആലോചന. മൺസൂൺ ടൂറിസം പ്രവർത്തനങ്ങളും പദ്ധതിയിടുന്നുണ്ട്.
റിവഞ്ച് ടൂറിസം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് ആക്കം കൂട്ടും. വിദേശത്തുള്ളവരെ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാക്കി മാറ്റുന്നതുൾപ്പെടെയുള്ള പുതിയ പ്രചാരണ തന്ത്രങ്ങൾക്കു രൂപം നൽകി വരികയാണ്.
പി.എ.മുഹമ്മദ് റിയാസ്, മന്ത്രി