ക്ഷേത്രത്തിലെ മോഷണവിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ച് മോഷ്ടാവിനെ കുടുക്കി പൂജാരി

0

കറ്റാനം: ക്ഷേത്രത്തിലെ മോഷണവിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ച് മോഷ്ടാവിനെ കുടുക്കി പൂജാരി. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി നന്ദനം മധുസൂദനൻ പിള്ളയാണ് (52) മോഷണവസ്തുക്കളുമായി പിടിയിലായത്. വാത്തികുളം പള്ളിക്കൽ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച് കടക്കുന്നതിനിടെയായിരുന്നു പൂജാരിയുടെ ഇടപെടൽ.

ഞായർ രാത്രി പന്ത്രണ്ടോടെ ക്ഷേത്രത്തിൽനിന്നു ശബ്ദം കേട്ടാണ് സമീപവാസിയായ പൂജാരി കണ്ണൻ ഉണർന്നത്. പുറത്തിറങ്ങി നോക്കിയപ്പോൾ, ക്ഷേത്രമതിൽ ചാടിക്കടന്ന് ഉപദേവതമാരുടെ ശ്രീകോവിലുകൾക്കു മുന്നിലുണ്ടായിരുന്ന നിലവിളക്കുകൾ ചാക്കിലാക്കി നിൽക്കുന്ന മോഷ്ടാവിനെയാണു കണ്ടത്. ഓടിയെത്തിയ കണ്ണനെ നിലവിളക്കുകളിട്ട ചാക്കുകൊണ്ട് അടിക്കാൻ ശ്രമിച്ചശേഷം മോഷ്ടാവ് കടന്നു.

കണ്ണനും പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് ഇരുട്ടിൽ മറഞ്ഞു. ഉടൻ തിരികെ ക്ഷേത്രത്തിലേക്കു വന്ന കണ്ണൻ, കള്ളൻ കയറിയ വിവരം മൈക്കിലൂടെ നാട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. അസമയത്തെ മൈക്ക് അനൗൺസ്മെന്റ് കേട്ട നാട്ടുകാർ ഓടിയെത്തി നടത്തിയ തിരച്ചിലിൽ സമീപത്തെ വീടിന്റെ ടെറസിൽ ഒളിച്ചിരുന്ന മധുസൂദനൻ പിള്ളയെ പിടികൂടി. മോഷ്ടിച്ച നിലവിളക്കുകളും കണ്ടെടുത്തു. പിന്നാലെ കുറത്തികാട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ വേറെയും മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here