വനിതാ പോലീസിനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതികളെ സാഹസികമായി പിടികൂടുന്നതിനിടെ പോലീസ് ജീപ്പ് തലകാഴ്ചയി മറിഞ്ഞു

0

പാലോട്: വനിതാ പോലീസിനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതികളെ സാഹസികമായി പിടികൂടുന്നതിനിടെ പോലീസ് ജീപ്പ് തലകാഴ്ചയി മറിഞ്ഞു. ഒട്ടനവധി കേസുകളിൽ പ്രതിയായ മൂന്നംഗ സംഘത്തെയും സഹായിയായ യുവാവിനെയും ആണ് പാലോട് പോലീസ് അതിസാഹസികമായി പിടികൂടിയത്. പെരിങ്ങമ്മല പറക്കോണം തടത്തരികത്തു വീട്ടിൽ അനു എന്ന് വിളിക്കുന്ന സുമേഷ് (20), പെരിങ്ങമ്മല ജവാഹർകോളനി ബ്ലോക്ക്‌ നമ്പർ പതിനഞ്ചിൽ അൻസിൽ(21), പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനിൽ ചാഞ്ചു എന്നു വിളിക്കുന്ന രതീഷ് (30), മോഷണ മുതലുകൾ വിൽക്കാൻ സഹായിച്ച പെരിങ്ങമ്മല മീരൻവെട്ടിക്കരിക്കകം റിയാസ് മനസിലിൽ റിയാസ്(26) എന്നിവരെയാണു പിടികൂടിയത്.

ഒരാഴ്ച മുൻപാണ് കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന വൈരാഗ്യത്തിന്റെ പേരിൽ വനിതാ പൊലീസിന്റെ വീടുകയറി അക്രമം നടത്തി ഇവർ ഒളിവിൽ പോയത്. ഞായറാഴ്ച വൈകിട്ടോടെ മൂന്നംഗ സംഘം ജവാഹർ കോളനിയിൽ എത്തിയ വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്നു പിടികൂടാൻ എത്തിയ പൊലീസിനെ കണ്ടു സംഘം മാന്തുരുത്തി ഭാഗത്തേക്കു കടന്നുകള‍ഞ്ഞു. പിന്നാലെ പാഞ്ഞ പാലോട് എസ്ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള വാഹനം പ്രതികളുടെ വാഹനത്തിന്റെ അടുത്തെത്തിയെങ്കിലും കുണ്ടാളം കുഴിയിൽ ഇറക്കത്തു വച്ചു ജീപ്പ് മറിഞ്ഞു ‍അഞ്ചു പോലീസുകാർക്ക് പരുക്കേറ്റു.

ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണു ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം അന്വേഷിച്ചു പോയി രാത്രിയിൽ കൊല്ലം കൊട്ടിയത്തു വച്ചു സംഘത്തെ പിടികൂടിയത്. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തു നിന്നു ഈ സംഘം മോഷ്ടിച്ച ബുള്ളറ്റ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നെടുമങ്ങാട് ഭാഗത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് നെടുമങ്ങാട് മലമ്പറക്കോണം, പറണ്ടോട് ചേരപ്പള്ളി, കടയ്ക്കൽ കിരാല എന്നീ സ്ഥലങ്ങളിൽ കടയിൽ കയറി സാധനങ്ങൾ വാങ്ങിയ ശേഷം കടയുടമകളായ സ്ത്രീകളുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ സംഭവത്തിനു പിന്നിലും ഈ സംഘമാണെന്നു പൊലീസ് പറഞ്ഞു.

മോഷ്ടിച്ച ആഭരണങ്ങൾ നാലാം പ്രതി റിയാസിന്റെ സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളിൽ വിൽക്കുകയും ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും ചെയ്തതായും കണ്ടെത്തി. മോഷണം നടത്തുന്ന സാധനങ്ങൾ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചു ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്തു അതിൽ കറങ്ങി കൂടുതൽ മോഷണങ്ങൾ നടത്തുക എന്നതാണ് ഇവരുടെ ഹോബി. പ്രതികളെ റിമാൻഡ് ചെയ്തു.

പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐ നിസാറുദീൻ, ഗ്രേഡ് എസ്ഐമാരായ വി.വി.വിനോദ്, റഹിം, ഉദയകുമാർ, ഷിബു കുമാർ, ഗ്രേഡ് എഎസ്ഐമാരായ അനിൽകുമാർ, അജി, സജു, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, , അനീഷ്, കിരൺ , രഞ്‌ജീഷ്, സുജുകുമാർ, വിനീത്, റിയാസ്, രഞ്ജു രാജ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്ഐ വി.വി. വിനോദ്, എഎസ്ഐ അനിൽ,ഗ്രേഡ് സിപിഒ രഞ്ജു രാജ്, സിപിഒ കിരൺ എന്നിവർക്കാണ് ജീപ്പ് മറിഞ്ഞു പരുക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here