വേനൽമഴയെത്തുടർന്നുള്ള മിന്നലിൽ ഫീഡറുകൾ തകരാറിലായി.

0

കോട്ടയം ∙ വേനൽമഴയെത്തുടർന്നുള്ള മിന്നലിൽ ഫീഡറുകൾ തകരാറിലായി. നഗരത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങി. വീടിന്റെ ഭിത്തിയിലെ ഫാൻ ഇളകി താഴെ വീണു. ബൾബ് പൊട്ടിത്തെറിച്ചു. പരസ്യബോർഡ് റോഡിലേക്ക് ചരിഞ്ഞു.ഈസ്റ്റ് വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ കഞ്ഞിക്കുഴി, നാഗമ്പടം, ടൗൺ എന്നിവിടങ്ങളിലെ ഫീഡറുകളാണ് തകരാറിലായത്. സെൻട്രൽ സെക്‌ഷന്റെ പരിധിയിൽ പലയിടങ്ങളിലും വൈദ്യുതക്കമ്പിയിൽ മരക്കമ്പ് വീണു. കഞ്ഞിക്കുഴി, ഇറഞ്ഞാൽ, നാഗമ്പടം, എസ്എച്ച് മൗണ്ട്, ഈരയിൽകടവ്, പഴയ സെമിനാരി, ചുങ്കം, തിരുവാതുക്കൽ, ഇല്ലിക്കൽ ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.

ഇന്നലെ വൈകിട്ട് 5.45ന് ഉണ്ടായ മഴയിലും കാറ്റിലുമാണ് നാശം. മിന്നലിൽ, ഒരു ലൈനിൽനിന്നു മറ്റൊരു ലൈനിലേക്ക് കണക്ട് ചെയ്യുന്ന ജെംബർ കണക്‌ഷൻ കത്തിയതോടെയാണ് ഫീഡറുകൾ തകരാറിലായത്. കെഎസ്ഇബി ജീവനക്കാർ സമരത്തിലായിരുന്നെങ്കിലും മിക്കയിടത്തും മണിക്കൂറുകൾക്കുശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു.കളത്തിപ്പടി പന്നയ്ക്കൽ സാബു വർഗീസിന്റെ വീടിന്റെ രണ്ടാംനിലയിൽ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ഫാൻ മിന്നലേറ്റ് ഇളകി താഴെവീണു.

മിന്നലിൽ വീടിനു മുറ്റത്തെ ചരലും മണ്ണും തെറിച്ചു മുറിക്കുള്ളിലെത്തുകയായിരുന്നു ആദ്യം. തുടർന്നാണ് ബൾബ് പൊട്ടിത്തെറിച്ചതും ഫാൻ ഇളകിവീണതും. സ്വിച്ച് ബോർഡ് ഇളകിത്തെറിച്ചു. മുറ്റത്ത് ചെറിയ കുഴി രൂപപ്പെട്ടു. വീടിനുള്ളിലേക്ക് തീപ്പൊരി വരുന്നതുകണ്ട് സാബുവിന്റെ ഭാര്യ എൽസി അബോധാവസ്ഥയിലായി. എംസി റോഡിൽ ചിങ്ങവനത്ത് പരസ്യ ബോർഡ് റോഡിലേക്ക് ചരിഞ്ഞു. കെട്ടിടത്തിനു മുകളിലെ വലിയ ബോർഡാണ് ചരിഞ്ഞത്. അപകടം ഒഴിവാക്കാൻ പൊലീസ് റോഡിന്റെ ഒരുവശത്തു കൂടിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വളപ്പിൽ വൈദ്യുതക്കമ്പിയിലേക്ക് കവുങ്ങ് വീണു. അഗ്നിരക്ഷാ സേനയെത്തി മുറിച്ചു നീക്കി. ഓട നിറഞ്ഞതോടെ കുര്യൻ ഉതുപ്പ് റോഡ് കവിഞ്ഞ് മലിനജലം ഒഴുകി. ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഇതു ബുദ്ധിമുട്ടായി.

∙ജലവിതരണം മുടങ്ങി

പേരൂർ പമ്പ് ഹൗസിൽനിന്നു നഗരത്തിലേക്കുള്ള പമ്പിങ് തടസ്സപ്പെട്ടതോടെ നഗരത്തിൽ ജലവിതരണം മുടങ്ങി. വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചിരുന്നു. ഇതാണ് പമ്പിങ് തടസ്സപ്പെടാൻ കാരണമെന്നു ജല അതോറിറ്റി അറിയിച്ചു.

Leave a Reply