ബർണശ്ശേരി ഇ.കെ.നായനാർ അക്കാദമിയിലെ നിർമാണ പ്രവർത്തനങ്ങൾ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി, കെട്ടിട നിർമാണ പെർമിറ്റ് എന്നിവ ഇല്ലാതെയാണെന്നു കാട്ടി കന്റോൺമെന്റ് ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി

0

സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്ന ബർണശ്ശേരി ഇ.കെ.നായനാർ അക്കാദമിയിലെ നിർമാണ പ്രവർത്തനങ്ങൾ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി, കെട്ടിട നിർമാണ പെർമിറ്റ് എന്നിവ ഇല്ലാതെയാണെന്നു കാട്ടി കന്റോൺമെന്റ് ബോർഡ് കാരണം കാണിക്കൽ നോട്ടിസ് നൽകി.
പാർട്ടി കോൺഗ്രസിനായുള്ള ഓഡിറ്റോറിയത്തിന്റെ നിർമാണം ചൂണ്ടിക്കാട്ടി ആണ് കന്റോൺമെന്റ് ബോർ‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ നോട്ടിസ്. നിയമപ്രകാരം നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കാനാണു നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പന്തൽ നിർമിക്കാനുള്ള അനുമതിയുടെ മറവിൽ കെട്ടിടം നിർമിച്ചതായാണ് ആക്ഷേപം.

തീരദേശ സംരക്ഷണ നിയമപ്രകാരം സോൺ രണ്ടിലാണു അക്കാദമി ഉൾപ്പെടുന്ന സ്ഥലം. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെ ഇവിടെ കെട്ടിടം നിർമിക്കാൻ കഴിയില്ല. 1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും 2ൽ കൂടുതൽ നിലകൾ ഉണ്ടെങ്കിൽ അഗ്നിരക്ഷാ സേനയുടെയും അനുമതി വേണം. വേലിയേറ്റ രേഖയിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ ആയതിനാൽ കണ്ണൂർ കന്റോൺമെന്റിലെ ഭൂരിഭാഗം പ്രദേശവും സിആർസെഡ് രണ്ട് വിഭാഗത്തിൽപ്പെടുന്നതാണ്.

സാങ്കേതിക കാര്യങ്ങളിൽ വിശദീകരണമാണു നോട്ടിസിൽ ചോദിച്ചിരിക്കുന്നത് എന്നും വിദഗ്ധരുമായി ആലോചിച്ച ശേഷം വിശദവും കൃത്യവുമായ മറുപടി നൽകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. സ്റ്റേജ് നിർമാണം നിയമം അനുസരിച്ചേ ചെയ്യൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചട്ടം പാലിച്ച് ആണു നിർമാണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും പ്രതികരിച്ചു. ബർണശ്ശേരി പ്രദേശം കന്റോൺമെന്റ് ബോർഡിനു കീഴിലാണ്.

Leave a Reply