തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കമായി. 4,26,999 വിദ്യാർഥികൾ റഗുലറായും 408 വിദ്യാർഥികൾ പ്രൈവറ്റായും പരീക്ഷയ്ക്കിരിക്കുന്നു. ആകെ പരീക്ഷയ്ക്കിരിക്കുന്നതിൽ 2,18,902 ആണ്‍കുട്ടികളും 2,08,707 പെണ്‍കുട്ടികളുമാണ് ഉൾപ്പെടുന്നത്. ആകെ 2962 പരീക്ഷാ സെന്ററുകളാണ് ഉള്ളത്.
ഗൾഫ് മേഖലയിലെ ഒൻപത് പരീക്ഷാ സെന്ററുകളിലായി 574 വിദ്യാർഥികളും ലക്ഷദ്വീപിലെ ഒൻപതു സെന്ററുകളിൽ 882 വിദ്യാർഥികളും പരീക്ഷ എഴുതുന്നു. പരീക്ഷയുടെ ആദ്യദിവസമായ ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടന്നത്. അടുത്ത മാസം 29 ന് എസ്എസ്എൽസി പരീക്ഷകൾ അവസാനിക്കും.
ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ നടത്തുന്നത്. മാസ്കും സാനിട്ടെസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഹയർസെക്കൻഡറി വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ബുധനാഴ്ച മുതൽ തുടക്കമായി.