‘ഇതു നാടകമല്ല, പച്ചയായ ജീവിതമാണ്’ എന്ന് തന്നെയാണ് സിൽവർലൈൻ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ച സ്ഥലവും വീടും വിൽക്കാനുണ്ടെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിലൂടെ ശ്രദ്ധേയനായ മാമ്മൂട് കോണുമടയ്ക്കൽ മനോജ് വർക്കി പറയുന്നത്

0

സിൽവർ ലൈനെതിരെ പരസ്യ പ്രതികരണങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. സോഷ്യൽ മീഡിയയും വിഷയമേറ്റെടുത്തതോടെ നിരവധി പോസ്റ്റുകളാണ് ദിനംപ്രതി പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെയാണ് സ്വന്തത്തെ വീട് വിൽപ്പനയ്‌ക്കെന്ന പോസ്റ്റും പ്രത്യക്ഷപ്പെട്ടത്. സിൽവർലൈനിന് എതിരായ പരസ്യ പ്രതികരണമെന്ന രീതിയിലാണ് വീടു വിൽക്കാനുള്ള പോസ്റ്റ് ഇട്ടത്. മോശം കമന്റുകൾ വരുന്നതിനാൽ ഇപ്പോൾ പോസ്റ്റ് മറച്ചിരിക്കുകയാണ്. എന്നാൽ പ്രതീക്ഷിക്കുന്ന വില ലഭിച്ചാൽ വീട് വിൽക്കും എന്ന് തന്നെയാണ് വീടിന്റെ ഉടമ പറയുന്നതും.

‘ഇതു നാടകമല്ല, പച്ചയായ ജീവിതമാണ്’ എന്ന് തന്നെയാണ് സിൽവർലൈൻ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ച സ്ഥലവും വീടും വിൽക്കാനുണ്ടെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിലൂടെ ശ്രദ്ധേയനായ മാമ്മൂട് കോണുമടയ്ക്കൽ മനോജ് വർക്കി പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മാടപ്പള്ളിയിൽ പ്രതിഷേധത്തിനിടെ പൊപോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരിൽ ഒരാളാണ് മനോജ്. ഭാര്യ ലിജിയും അറസ്റ്റിലായിരുന്നു.

പോസ്റ്റിനു പിന്നിൽ

ഞാൻ ജീവിതത്തിൽ ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറിയത്. 2 പെൺമക്കളാണുള്ളത്. ഒരു രേഖയും ഇല്ലാതെ സ്ഥലത്ത് കുറ്റിയടിക്കാൻ വരുന്നത് ആശങ്ക കൂട്ടുകയല്ലേ ചെയ്യുക. ഈ സാഹചര്യം ഒഴിവാക്കണം. ഉത്തരവാദിത്തപ്പെട്ട ആളുകൾ പദ്ധതി ബാധിതരുടെ ആശങ്കകൾ കേൾക്കണം. പരിഹാരം നിർദേശിക്കണം. ബഫർ സോൺ ഉൾപ്പെടെ കാര്യങ്ങളിൽ വ്യക്തത വരുത്തണം. ഇതൊക്കെയല്ലേ ആദ്യം ചെയ്യേണ്ടത്? –മനോജ് ചോദിക്കുന്നു.

കുട്ടനാട് സ്വദേശി മനോജ് പ്രളയഭീതി മൂലം മൂന്നു വർഷം മുൻപാണ് മാമ്മൂട്ടിൽ സ്ഥലം വാങ്ങിയത്. രണ്ടു പതിറ്റാണ്ട് വിദേശത്ത് ജോലി ചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം ചെലവിട്ട് വീടു വച്ചു. വീടിനും സ്ഥലത്തിനുമായി 60 ലക്ഷം രൂപ ചെലവായെന്നും 50 ലക്ഷം രൂപയെങ്കിലും ലഭിച്ചാൽ വീട് വിൽക്കുമെന്നുമായിരുന്നു പോസ്റ്റിൽ മനോജ് പറഞ്ഞത്.

പാത കടന്നുപോകുന്ന സ്ഥലമാണെന്നും ഇപ്പോൾ സർക്കാർ മൂന്നിരട്ടി വില പ്രഖ്യാപിച്ചിരിക്കുകയാണെന്നും അത്രയും പണം സ്വീകരിക്കാൻ ഇല്ലാത്തതിനാൽ 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്നെന്നും സൂചിപ്പിച്ചിരുന്നു. കെ റെയിലിനെ അനുകൂലിക്കുന്നവർ ഈ വീട് വാങ്ങിയാൽ മൂന്നിരട്ടി ലാഭത്തിന് അവകാശികളാകാമെന്നും മനോജിന്റെ പോസ്റ്റിലുണ്ട്. വീടിന്റെ ചിത്രവും ചേർത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here