പാവപ്പെട്ടവർക്കായി ശാന്തിഭവന്റെ ബില്ലില്ലാ ആശുപത്രി ഇനി തിരുവനന്തപുരത്തും

0

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് ആശ്വാസമേകാൻ ശാന്തിഭവന്റെ ബില്ലില്ലാ ആശുപത്രി ഇനി തിരുവനന്തപുരത്തും. ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയുടെ രണ്ടാമത്തെ കേന്ദ്രം തിരുവനന്തപുരം വട്ടപ്പാറയിൽ പ്രവർത്തനം തുടങ്ങി. പിഎംഎസ് ഡെന്റൽ കോളെജിന്റെ സഹകരണത്തോടെയാണ് ആശുപത്രിയുടെ പ്രവർത്തനം. പല്ലിശ്ശേരിൽ ആയിരങ്ങൾക്ക് ആശ്രയമായ ആശുപത്രിക്ക് ഇതാദ്യമായാണ് തൃശ്ശൂരിന് പുറത്തേക്ക് കേന്ദ്രമൊരുങ്ങുന്നത്. വടപ്പാറ വെങ്കോട് ഗോൾഡൻ ഹിൽസിലാണ് ആശുപത്രി.

കിടപ്പുരോഗികൾക്കും മരണാസന്നർക്കുമായി 2014 മുതൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് ആശുപത്രിയാണ് ശാന്തിഭവൻ. അഡ്മിഷൻ , പരിചരണം, മരുന്നുകൾ, ഫിസിയോതെറാപ്പി, ഡയാലിസിസ്, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണം എന്നിങ്ങനെ എല്ലാം സൗജന്യമായി നൽകുന്ന ശാന്തിഭവന് ബില്ലില്ലാ ആശുപത്രി എന്ന് കൂടി വിളിപ്പേരുണ്ട്. ശാന്തിഭവന്റെ സേവനം ശ്രദ്ധയിൽപ്പെട്ടതോടെ പിഎംഎസ് ഡെന്റ‌ൽ കോളെജ് സൗജന്യമായി പാട്ടത്തിന് വിട്ടുനൽകിയ കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുക.

സൗജന്യ ഡയാലിസിസ്, ഫിസിയോതെറാപ്പി സെന്ററുകളും പ്രവർത്തനസജ്ജമാണ്. തൃശ്ശൂർ അതിരൂപത ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, നെയ്യാറ്റിൻകര ഡോ. വിൻസെന്റ്‌ സാമുവൽ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി.ആർ.അനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾക്കുള്ള ജലവിതരണം സൗജന്യമാക്കുന്നത് പരിഗണിക്കുമെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

Leave a Reply