മൂന്നു നൂറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ തിരികെ കൊണ്ടുവരാന്‍ ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങി

0

മൂന്നു നൂറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ തിരികെ കൊണ്ടുവരാന്‍ ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങി. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹെയ്ഗനിലെ നാച്വുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഡോഡോ പക്ഷിയുടെ സാമ്പിളില്‍ നിന്ന് ജനിതകഘടന പൂര്‍ണ്ണമായും സീക്വന്‍സ് ചെയ്‌തെടുക്കാന്‍ സാധിച്ചതാണ് ഗവേഷണത്തിന് ഊര്‍ജ്ജമായിരിക്കുന്നത്. ഡോഡോ പക്ഷിയുടെ സമ്പൂര്‍ണ്ണ ജനിതകഘടന ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ജനിതക സീക്വന്‍സിങ്ങിന് നേതൃത്വം നല്‍കിയ യു.എസിലെ കാലിഫോണിയ സര്‍വ്വകലാശാലയിലെ ഇക്കോളജി-എവല്യൂഷണറി പ്രഫസറായ ബെഥ് ഷാപ്രിയോ അറിയിച്ചു.

വംശനാശം സംഭവിച്ച, പറക്കമുറ്റാത്ത പക്ഷിയുടെ കഥകളും ഡിജിറ്റൽ ആർട്ട് സൃഷ്ടികളും വർഷങ്ങളായി കാർട്ടൂണുകളിലും ഡോക്യുമെന്ററികളിലും ഉപയോഗിച്ചുവരുന്നുണ്ട്. ‘ആലീസ്’സ് അഡ്വഞ്ചേഴ്‌സ് ഇൻ വണ്ടർലാൻഡ്’ എന്ന കഥയിലൂടെയാണ് ഈ പക്ഷി ഫെയ്മസായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മൗറീഷ്യസ് ദ്വീപുകളില്‍ ജീവിച്ചിരുന്ന ഡോഡോ പക്ഷികള്‍ക്ക് ഒരു മീറ്ററോളം ഉയരവും ഏകദേശം 20 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ശരീരത്തിന്റെ വലുപ്പവും ചിറകുകളുടെ പ്രത്യേകതയും മൂലം ഇവക്ക് പറക്കാന്‍ കഴിയുമായിരുന്നില്ല. 1598ല്‍ ദ്വീപുകളില്‍ എത്തിയ ഡച്ച് നാവികരാണ് ഇവയുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത്.

ലോകം കീഴടക്കാനിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ 1505ല്‍ ദ്വീപില്‍ പ്രവേശിച്ചു. പോര്‍ച്ചുഗീസ് നാവികരും കൂടെയെത്തിയ നായ്ക്കളും പട്ടികളും ഭക്ഷണത്തിനായി ഡോഡോ പക്ഷികളെ വ്യാപകമായി വേട്ടയാടി. ഇതോടെ ഇവയുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. സായുധരായ വേട്ടക്കാരോട് ഭയം കാണിക്കാത്തതിനാലാണ് ഈ പക്ഷികള്‍ക്ക് പോര്‍ച്ചുഗീസുകാര്‍ ഡോഡോ എന്ന് പേര് നല്‍കിയത്. പോര്‍ച്ചുഗീസ് ഭാഷയില്‍ ഡോഡോ എന്നാല്‍ വിഡ്ഡി എന്നാണ് അര്‍ത്ഥം. 1662ന് ശേഷം ഡോഡോ പക്ഷികളെ ജീവനോടെ കണ്ടതായി രേഖകളില്ല.

ഡോഡോ പക്ഷികളുടെ വംശനാശം കാല്‍വേരിയ മേജര്‍ എന്ന മരത്തിന്റെ എണ്ണവും കുറയാന്‍ കാരണമായി. കാല്‍വേരിയ പഴം കഴിച്ച് ഡോഡോ പക്ഷി വിസര്‍ജിക്കുന്ന വിത്തുകള്‍ മുളച്ചാണ് പ്രധാനമായും കാല്‍വേരിയ മരങ്ങളുണ്ടായിരുന്നത്.

ഡോഡോയുടെ ജനിതകഘടന പൂര്‍ണ്ണമായും ലഭിച്ച സാഹചര്യത്തില്‍ പുനസൃഷ്ടിക്കുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ബെഥ് പറയുന്നു. ”സസ്തനികളെ പുനസൃഷ്ടിക്കാന്‍ എളുപ്പമാണ്…. ഡോളി എന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ 1996ല്‍ തന്നെ നിര്‍മിച്ചിരുന്നല്ലോ. പക്ഷെ, പക്ഷികളെ എങ്ങനെ പുനസൃഷ്ടിക്കുമെന്ന് വ്യക്തമല്ല. സസ്തനികളില്‍ നിന്ന് വ്യത്യസ്ഥമായ പ്രത്യുല്‍പ്പാദന രീതിയാണ് പക്ഷികളുടേത്. പക്ഷികളുടെ പുനസൃഷ്ടിക്കായി മറ്റു രീതികള്‍ വികസിപ്പിക്കേണ്ടി വരും. അതിനാല്‍ തന്നെ പരീക്ഷണങ്ങള്‍ പൂര്‍ണ്ണവിജയമാവുമെന്ന് ഇപ്പോള്‍ പറയാനുമാവില്ല.””–ബെഥ് വിശദീകരിച്ചു.

ഡോഡോ പക്ഷിയുമായി വളരെയേറെ സാമ്യമുള്ള നിക്കോബര്‍ പ്രാവുകളുടെ ജീന്‍ എഡിറ്റ് ചെയ്ത് ഡോഡോയുടെ ഡി.എന്‍.എ ചേര്‍ക്കുന്ന കാര്യം ഗവേഷകര്‍ ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമമായ ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രീതി ഡോഡോ-നിക്കോബര്‍ പ്രാവ് മിശ്രിതമല്ലേയുണ്ടാക്കുകയെന്ന ആശങ്കയും ഗവേഷകര്‍ക്കുണ്ട്.

ഡോഡോ പക്ഷികളെ പുനസൃഷ്ടിക്കുന്നത് മനുഷ്യര്‍ക്ക് യാതൊരു തരത്തിലുമുള്ള ഭീഷണിയും സൃഷ്ടിക്കില്ലെന്നാണ് ബ്രിസ്റ്റള്‍ സര്‍വ്വകലാശാലയിലെ പാലിയന്റോളജി പ്രഫസറായ മൈക്ക് ബെന്റണ്‍ പറയുന്നത്. ”ഇന്നത്തെ കാലാവസ്ഥയിലും ജീവിക്കാന്‍ അവക്ക് കഴിയും. അവ മനുഷ്യരെ ഉപദ്രവിക്കുന്ന ജീവിയുമല്ല. എന്നാല്‍ ഡൈനസോര്‍ വിഭാഗത്തിലെ ടൈറാനോസോറസിനെ പുനസൃഷ്ടിക്കുന്നത് ആലോചിക്കാന്‍ പോലും കഴിയില്ല. അവയെ പുനസൃഷ്ടിക്കുന്നത് ഭൂമിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും.”–മൈക്ക് ബെന്റണ്‍ പറയുന്നു.

”ആധുനിക കാലത്തെ പ്രാവുകളില്‍ ഡോഡോയുടെ ഡി.എന്‍.എ ഉള്‍പ്പെടുത്തുന്നത് വലിയ ഗുണം ചെയ്യില്ലെന്നാണ് തോന്നുന്നത്. ഡോഡോയുടെ ചിത്രം നമ്മുടെ മനസില്‍ പതിഞ്ഞതാണ്. പ്രാവുകളിലെ ജീന്‍ എഡിറ്റിങ് ആ ചിത്രത്തിന് അനുസൃതമായ ഫലമുണ്ടാക്കില്ല.”–മൈക്ക് ബെന്റണ്‍ കൂട്ടിച്ചേര്‍ത്തു.

നാലായിരം വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച മാമത്തുകളെ പുനസൃഷ്ടിക്കാന്‍ ഗവേഷണം നടത്തുന്ന പ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ പ്രഫ. ജോര്‍ജ് ചര്‍ച്ചിന് ഡോഡോ പുനസൃഷ്ടി സങ്കീര്‍ണമായിരിക്കുമെന്ന കാഴ്ച്ചപ്പാടാണ് ഉള്ളത്. ”ഇക്കാലത്തെ ഏറ്റവും എളുപ്പമുള്ള പണി മാമത്തിനെ പുനസൃഷ്ടിക്കുകയാണ്. ഡോഡോ ജീനുകളെ മറ്റൊരു പക്ഷിയില്‍ ചേര്‍ക്കുന്നതും നല്ല കാര്യമാണ്. കൂടുതല്‍ ജനിതക വൈവിധ്യം ഭൂമിയില്‍ കൊണ്ടുവരാന്‍ അത് സഹായിക്കും.”–പ്രഫ. ജോര്‍ജ് പറയുന്നു.

വംശനാശം സംഭവിച്ച ജീവികളെ പുനസൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ലാബുകളില്‍ നടക്കുന്നുണ്ട്. മാമത്തുകളുടെ പൂര്‍ണ്ണമായ ജനിതകഘടന മനസിലാക്കാന്‍ 2015ല്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നു. മാമത്തിന്റെ പുനസൃഷ്ടിയെ കുറിച്ച് ബെഥ് അക്കാലത്ത് തന്നെ ഒരു പുസ്തകവും എഴുതി. മനുഷ്യരുടെ ഇടപെടല്‍ മൂലം വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഡോഡോ പക്ഷിയുടെ ജനിതകഘടന പരിശോധിച്ചത്.

Leave a Reply