കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരേ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സെന്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ നേരത്തെ നല്കിയ മൊഴി മാറ്റി താന്‍ പറയുന്ന തരത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ചാണ് സാഗര്‍ ഹൈക്കോടതിയെ സമീപിച്ചത്.
നടി കാവ്യാ മാധവന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഹര്ജിക്കാരന്. ശമ്പളം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് 2017 ജൂലൈയില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയി. ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നതെന്നും ഹര്ജിക്കാരന് പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ പോലീസ് ഇയാളെ സാക്ഷിയാക്കിയിരുന്നു. താന്‍ പറഞ്ഞു പഠിപ്പിക്കുന്ന തരത്തില്‍ കേസില്‍ മൊഴി നല്‍കാനാണ് ബൈജു പൗലോസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതു അവഗണിച്ച് സിജെഎം മുമ്പാകെ സത്യം മാത്രമാണ് രഹസ്യമൊഴിയായി നല്‍കിയത്. ഇതിനുശേഷം കോടതിയിലും തനിക്കറിയാവുന്ന സത്യങ്ങളാണ് പറഞ്ഞത്.
ഇതേത്തുടര്‍ന്ന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നത്. മാര്‍ച്ച് രണ്ടിന് ഹാജരാകാന്‍ നിര്‍ദേശിച്ച് സാഗറിനു ബൈജു പൗലോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്കി. തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും നോട്ടീസിലെ തുടര്‍നടപടികള്‍ തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.