കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന സമാധാന ചർച്ചയ്ക്കു പിന്നാലെ, ചെൽസി ഫുട്ബോൾ ക്ലബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോർട്ട്. അബ്രമോവിച്ചിനു പുറമേ, റഷ്യ–യുക്രെയ്ൻ സമാധാന ചർച്ചകൾക്കു നേതൃത്വം നൽകിയ യുക്രെയ്നിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.
കീവിൽ മാർച്ച് മൂന്നിനു നടന്ന സമാധാന ചർച്ചയിൽ പങ്കെടുക്കവെ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. അബ്രമോവിച്ചും മറ്റു രണ്ടു പേരും രാത്രി 10 വരെ ചർച്ചകളിൽ പങ്കെടുത്തെന്നും തുടർന്ന് ഉറങ്ങുന്നതിനായി കീവിലെ ഒരു ഹോട്ടൽ മുറിയിലേക്കു പോയതായും സൂചനയുണ്ട്. രാവിലെ ആയപ്പോൾ ഇവരുടെ കണ്ണുകൾ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടു. മുഖത്തെയും കൈകളിലെയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായികളിൽ ഒരാളാണ് അബ്രമോവിച്ച്. അതുകൊണ്ടുതന്നെ യുദ്ധം തുടങ്ങിയതോടെ അബ്രോവിച്ചിനു നേരെയും നിരവധി നിയന്ത്രണങ്ങളും ഉപരോധങ്ങളും വന്നു. അബ്രമോവിച്ചിന്റെ അക്കൗണ്ടുകൾ ബ്രിട്ടൻ മരവിപ്പിച്ചിരുന്നു.