രാജസ്ഥാൻ ബാറ്റിങ്ങിലെ സഞ്ജു സാംസൺ – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് മാത്രമല്ല ഇന്നലെ മലയാളി ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിച്ചത്. രാജസ്ഥാൻ ഫീൽഡിങ്ങിനിടെ ക്യാപ്റ്റൻ സഞ്ജു ദേവ്ദത്തിന് നിർദേശം നൽകിയത് മലയാളത്തിലാണ്. ഹൈദരാബാദ് ഇന്നിങ്സിന്റെ 9–ാം ഓവറിൽ സഞ്ജുവിന്റെ വാക്കുകൾ എല്ലാവരും കേൾക്കുകയും ചെയ്തു. ‘‘എടാ നീ ഇറങ്ങി നിന്നോ..ദേവ്..’’ എന്നായിരുന്നു സഞ്ജുവിന്റെ നിർദേശം. മത്സരശേഷം ഇതിന്റെ വിഡിയോ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചു.
നേരത്തേ പവർപ്ലേയിൽ വിക്കറ്റ് കീപ്പർ സഞ്ജുവിനു സമീപം ഫസ്റ്റ് സ്ലിപ്പിലാണ് ദേവ്ദത്ത് ഫീൽഡ് ചെയ്തത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ക്യാച്ച് സഞ്ജുവിന്റെ ഗ്ലൗവിൽ നിന്നു വഴുതിയപ്പോൾ നിലത്തു വീഴും മുൻപ് ദേവ്ദത്ത് കയ്യിലൊതുക്കുകയും ചെയ്തു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, സഞ്ജു സാംസന്റെയും (27 പന്തിൽ 55) ദേവ്‍ദത്ത് പടിക്കലിന്റെയും (29 പന്തിൽ 41) മികവിൽ നിശ്ചിത 20 ഓവറിൽ 210 റൺസാണെടുത്തത്. ഹൈദരാബാദിന്റെ മറുപടി 149 റൺസിൽ അവസാനിച്ചു. വലംകൈ ബാറ്റർ സഞ്ജുവും ഇടംകൈ ബാറ്റർ ദേവ്‌ദത്തും ചേർന്നുള്ള 73 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു രാജസ്ഥാൻ ബാറ്റിങ്ങിന്റെ നട്ടെല്ല്. 3 വിക്കറ്റു വീഴ്ത്തിയ യുസ്‍വേന്ദ്ര ചെഹലും 2 വീതം വിക്കറ്റുകളുമായി ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും രാജസ്ഥാൻ ബോളിങ്ങിൽ തിളങ്ങി.