സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുതിച്ചുയരുന്നു

0

തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുതിച്ചുയരുന്നു. 240 രൂപയാണ് കോഴിക്കോട് ഒരു കിലോ ഇറച്ചിയുടെ വില. ബ്രാൻഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് ഈ വിലക്കയറ്റത്തിന് കാരണം. കോഴിത്തീറ്റയുടെ വില കൂടിയതും വിലയുയരാണ് കാരണമായി എന്ന് കച്ചവടക്കാർ പറയുന്നു.

രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു. സാധാരണ ചൂടുകാലമായ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി.
കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ക്ഡൗൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കില്‍ ഇപ്പോള്‍ അത് 2500 രൂപയായി. ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് വലിയ തോതില്‍ കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്.

90 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉല്‍പാദന ചെലവ് ഇപ്പോള്‍ 103 രൂപ വരെ എത്തിയെന്ന് കര്‍ഷകര്‍ പറയുന്നു. കേരളത്തിലെ ചെറുകിട കോഴിക്കര്‍ഷകര്‍ രംഗത്തുനിന്ന് പിന്‍വാങ്ങിയതിനാല്‍ തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ് ഇപ്പോള്‍ കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴി എത്തുന്നത്. വിപണിയില്‍ മത്സരം കുറഞ്ഞതും വില ഉയരാന്‍ കാരണമായി.

കോഴിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുകയും കേരള ചിക്കന് നല്‍കുന്ന ആനുകൂല്യങ്ങള്‍ കോഴി കര്‍ഷകര്‍ക്കും നല്‍കി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി ആവശ്യപ്പെട്ടു. ചിക്കന് വില കൂടിയതോടെ ഇറച്ചി വിഭവങ്ങള്‍ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനം. വില ഇങ്ങനെ കുതിച്ച് കയറിയാല്‍ ചിക്കന്‍ വിഭവങ്ങള്‍ വാങ്ങുമ്പോള്‍ കൈ പൊള്ളും. കോഴിയിറിച്ചിക്ക് വില കൂടിയത് ഇറച്ചി വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയതോടെ കച്ചവടം കുത്തനെ കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു.

കേരളത്തില്‍ മാത്രമല്ല, ചിക്കന്‍ ഉല്‍പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന തമിഴ്‌നാട്ടിലും ആന്ധ്രയിലും വില കുതിക്കുകയാണ്. കനത്ത ചൂടിനെ തുടര്‍ന്ന് ഉല്‍പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് ആന്ധ്രയിലെ വ്യാപാരികള്‍ പറയുന്നു. ചൂടുകൂടിയ കാലത്ത് കൃഷി ചെയ്യുന്ന കോഴികളിലെ മരണനിരക്ക് അധികമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here