വത്തിക്കാന്‍ ഭരണകേന്ദ്രമായ കൂരിയയുടെ പുതിയ അപ്പസ്‌തോലിക രേഖ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കി

0

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഭരണകേന്ദ്രമായ കൂരിയയുടെ പുതിയ അപ്പസ്‌തോലിക രേഖ ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കി. ഇത് പ്രകാരം മാമോദീസ സ്വീകരിച്ച വനിതകള്‍ ഉള്‍പ്പെടെ ഏത് കത്തോലിക്ക വിശ്വാസിക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃസ്ഥാനം വഹിക്കാനാവും. നിലവില്‍ അഭിഷിക്തര്‍ ആണ് വിവിധ വകുപ്പുകളുടെ തലപ്പത്ത്.

പുതിയ ഭരണരേഖ അനുസരിച്ച് എല്ലാ കത്തോലിക്ക വിശ്വാസികള്‍ക്കും വചനപ്രഘോഷണത്തിന് ഉത്തരവാദിത്തമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയ്ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും മാത്രമല്ല, അല്‍മായര്‍ ഉള്‍പ്പെടെ സഭയിലെ എല്ലാ അംഗങ്ങളും ഈ ചുമതല നിര്‍വഹിക്കേണ്ടവരാണ്. ഭരണവകുപ്പുകളുടെ എണ്ണം 16 ആയി ഏകോപിപ്പിച്ച് പേര് ‘ഡികാസ്റ്ററി’ എന്ന് മാറ്റിയിട്ടുമുണ്ട് (നേരത്തേ കോണ്‍ഗ്രിഗേഷന്‍).

‘പ്രേഡീക്കേറ്റ് ഇവാന്‍ജലിയം’ (ദൈവവചനം പ്രഘോഷിക്കുക) എന്ന പുതിയ ഭരണരേഖ പന്തക്കുസ്ത ദിനമായ ജൂണ്‍ 5ന് നിലവില്‍ വരും. 9 വര്‍ഷമെടുത്ത് തയാറാക്കിയ 54 പേജുള്ള പുതിയ ഭരണരേഖ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റതിന്റെ 9ാം വാര്‍ഷികദിനത്തിലാണ് പുറത്തിറക്കിയത്. 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ ‘പാസ്തര്‍ ബോനുസ്’ എന്ന അപ്പസ്‌തോലിക രേഖയ്ക്കു പകരമാണിത്.

കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണര്‍ പദവിയിലേക്ക് സിസ്റ്റര്‍ റാഫെല്ല പെട്രിനിയെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷംതന്നെ ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലിയെ നീതി, സമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്‍ വികസന കാര്യാലയത്തിന്റെ ഇടക്കാല സെക്രട്ടറിയായും നിയമിച്ചിരുന്നു.

കൂടാതെ, ഏതാനും വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ബിഷപ്പുമാരുടെ പ്രധാന സമ്മേളനങ്ങള്‍ തയാറാക്കുന്ന ഡിപ്പാര്‍ട്ട്മെന്റായ ബിഷപ്പ്സ് സിനഡിന്റെ സഹ-അണ്ടര്‍സെക്രട്ടറിയായി സേവിയര്‍ മിഷനറി സിസ്റ്റേഴ്സിലെ ഫ്രഞ്ച് അംഗമായ നതാലി ബെക്വാര്‍ട്ടിനെ മാര്‍പാപ്പ തെരഞ്ഞെടുത്തിരുന്നു.

Leave a Reply