അബുദാബിയിൽ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തു

0

തിരുവനന്തപുരം: അബുദാബിയിൽ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിൻകീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തു. യുവതി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ സൈജുവിനെതിരെ കേസെടുത്തത്. നെയ്യാറ്റിൻകര ഡിെൈവസ് പിക്കാണ് അന്വേഷണ ചുമതല. കേസെടുത്തതിന് പിന്നാലെ സിഐ അവധിയിൽ പ്രവേശിച്ചു. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സൈജുവിനെതിരെ കഴിഞ്ഞ എട്ടിന് റൂറൽ എസ്‌പിക്കും 15ന് ഡി.ജി.പിക്കും യുവതി പരാതി നൽകിയിരുന്നു. അബുദാബിയിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ യുവതി ഒരു കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. യുവതിയെ മൊബൈൽ നമ്പർ വാങ്ങി കെണിയിൽ വീഴ്‌ത്തുകയായിരുന്നു ഉദ്യോഗസ്ഥൻ.

വിദേശത്ത് ഡോക്ടറായിരുന്നു പരാതിക്കാരി. വിവാഹം കഴിഞ്ഞ് പത്ത് വർഷമായിട്ടും മക്കളില്ലായിരുന്നു. അങ്ങനെ നാട്ടിൽ ചികിൽസയ്ക്കായി എത്തി. പിന്നീട് ഭർത്താവ് മടങ്ങുകയും ചെയ്തു. ഇതിനിടെയാണ് വില്ലനായി പൊലീസുകാരൻ എത്തുന്നത്. ഇവർക്ക് ആ പൊലീസ് സ്റ്റേഷൻ പരിധിയിൽ കട മുറികളുണ്ടായിരുന്നു. അത് ചിലർക്ക് വാടകയ്ക്ക് നൽകി. ചില പ്രശ്നങ്ങളെ തുടർന്ന് അവരോട് ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് വഴങ്ങിയില്ല. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിന് മുമ്പിലെത്തുന്നത്.

സിഐയുടെ ഇടപെടലിൽ നീതി കിട്ടി. എന്നാൽ നീതി കിട്ടിയില്ലേ എന്ന് ചോദിച്ച് തന്നെ സിഐ കീഴ്പ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഇതോടെ കുടുംബവും തകർന്നു. ഒറ്റപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനത്തിൽ വീണ്ടും വീണ്ടും ചതിച്ചു. പണവും തട്ടിയെടുത്തെന്ന് ആരോപണമുണ്ട്. ഇത്ര ഗൗരവമുള്ള ആരോപണത്തിന് തെളിവുമുണ്ട്. പക്ഷേ പൊലീസ് അന്വേഷിക്കാൻ തയ്യാറല്ല. റൂറൽ എസ് പിയെ പോലും പരാതിക്കാരിയെ കാണാൻ സമ്മതിച്ചില്ല. ഡിജിപിയെ കാണുന്നതിൽ നിന്നും ഇവരെ പൊലീസ് വിലക്കിയതായാണ് ആരോപണം.

സിപിഎം അനുകൂല സംഘടനയാണ് പൊലീസ് അസോസിയേഷനെ നയിക്കുന്നത്. അതിലെ പ്രധാനിയാണ് ഈ ഉദ്യോഗസ്ഥൻ. അതുകൊണ്ടാണ് കേസെടുക്കാൻ എല്ലാവർക്കും മടിയെന്നും സൂചനകളുണ്ട്. ഡിജിപി അടക്കമുള്ളവരെ പരാതിക്കാരിയെ കാണാൻ പോലും അനുവദിക്കാതെ പരാതിക്കാരിയെ തടയുന്നുവെന്ന പരാതിയും ഉണ്ട്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ഭാരവാഹി കൂടിയാണ് ഇയാൾ. എസ് ഐയായും പരാതിക്ക് ആധാരമായ അതേ സ്റ്റേഷനിൽ ജോലി ചെയ്തിട്ടുണ്ട്. സിഐയായും അവിടെ തന്നെ തുടരുന്നു. ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ആക്ഷേപമുണ്ട്.

അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ യുവതിയാണ് പരാതിക്കാരി. ലോട്ടറി കടക്കാരിയെ ഒഴിപ്പിക്കാനുള്ള പരാതിയുമായാണ് യുവതി പൊലീസ് സ്റ്റേഷനിൽ ആദ്യം എത്തുന്നത്. ഈ പ്രശ്നത്തിനിടെയാണ് യുവതിയിൽ നിന്നും സിഐ മൊബൈൽ നമ്പർ വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. പ്രശ്നം പരിഹരിച്ച ശേഷം ട്രീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ചികിൽസയുമായി ബന്ധപ്പെട്ട സർജറിക്ക് ശേഷം യുവതിയെ വീട്ടിലാക്കി ഭർത്താവ് വിദേശത്തേക്ക് മടങ്ങിയിരുന്നു. ഈ സമയത്താണ് സിഐ വീട്ടിലെത്തിയത്.

2019 ഒക്ടോബറിലായിരുന്നു ആദ്യ പീഡനം. ട്രീറ്റിന് എന്നു പറഞ്ഞു വന്ന ശേഷം വൈകാരിക സംഭാഷണത്തിലൂടെ യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സർജറി കഴിഞ്ഞുള്ള ശാരീരിക പ്രശ്നങ്ങൾ പറഞ്ഞിട്ടും കേട്ടില്ല. ബലപ്രയോഗത്തിലൂടെയായിരുന്നു ആദ്യ പീഡനം. പിന്നീട് പലവട്ടം അത് തുടർന്നു. ഭാര്യയുമായി പിണക്കത്തിലാണെന്നും ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തു പീഡനം തുടർന്നു.

സിഐയുടെ ഇടപെടൽ കാരണം കുടുംബ ബന്ധം തകർന്നു. ഭർത്താവ് ഉപേക്ഷിച്ചെന്നും പരാതിയിൽ പറയുന്നു. കൊല്ലത്തെ ബാങ്കിൽ നിന്നും പണം പിൻവലിച്ചതും നോമിനിയായി സിഐയെ ആക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ട്. ഇതിനിടെ ഇയാളുടെ ഭാര്യ ഭീഷണിയുമായെത്തി. പല ഫോണിൽ നിന്ന് വാട്സാപ്പ് ഓഡിയോ പോലും അയച്ചെന്നും യുവതി പറയുന്നു. ഈ വർഷം ശബരിമല ഡ്യൂട്ടി കഴിഞ്ഞും യുവതിയുടെ വീട്ടിൽ സിഐ എത്തി. എന്നാൽ യുവതി വഴങ്ങിയില്ല. 28ന് വീണ്ടുമെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. 2011മുതൽ 2018വരെ അബുദാബിയിൽ ഡെന്റിസ്റ്റായിരുന്ന വനിതാഡോക്ടർ മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്.

പരാതിയുടെ മറ്റ് വിശദാംശങ്ങൾ ചുവടെ

യുവതിയുടെ ഭർത്താവ് വിദേശത്താണ്. കടമുറികൾ ഒഴിപ്പിക്കുന്നതിന് 2019 ആഗസ്റ്റിൽ മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് അന്ന് എസ്‌ഐയായിരുന്ന എ.വി.സൈജുവിനെ പരിചയപ്പെട്ടത്. പരാതി പരിഹരിച്ച സൈജു, ഡോക്ടറുടെ ഫോൺനമ്പർ വാങ്ങി സൗഹൃദമുണ്ടാക്കി. പ്രശ്നം പരിഹരിച്ചതിന് ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2019 ഒക്ടോബറിൽ രാത്രിയിൽ വീട്ടിലെത്തി. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്ന ഡോക്ടറെ ബലപ്രയോഗം നടത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറയരുതെന്ന് കാലുപിടിച്ച ഇയാൾ ഭാര്യയുമായി നിലവിൽ ബന്ധമില്ലെന്നും തന്നെ സംരക്ഷിക്കാമെന്നും ഉറപ്പുനൽകി. പിന്നീട് നിരന്തരം വീട്ടിലെത്തി നിർബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഭർത്താവ് ഡോക്ടറെ ഉപേക്ഷിച്ചു. കൊല്ലത്തെ ബാങ്കിലെ 12ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നിർബന്ധിച്ച് പിൻവലിപ്പിച്ച് പള്ളിച്ചൽ ഫാർമേഴ്‌സ് സഹകരണ ബാങ്കിലേക്ക് മാറ്റുകയും അവകാശിയായി സൈജുവിന്റെ പേര് വയ്ക്കുകയും ചെയ്തു. ശബരിമല ഡ്യൂട്ടികഴിഞ്ഞ് ജനുവരി 24ന് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ജനുവരി 28ന് ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിച്ച സിഐ സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

ഇതേത്തുടർന്ന് രക്തസമ്മർദ്ദം വർദ്ധിച്ച് താൻ ആശുപത്രിയിലായി. വിവാഹം കഴിഞ്ഞ് പത്തുവർഷമായെങ്കിലും കുട്ടികളില്ലാത്തതിന്റെ ചികിത്സയ്ക്കായാണ് ഡോക്ടർ നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മാതാപിതാക്കൾ മരിച്ച തന്നെ ഭർത്താവ് ഉപേക്ഷിച്ചെന്നും സിഐ ചതിച്ചതായും ഡോക്ടറുടെ പരാതിയിലുണ്ട്. സംഭവത്തിൽ തനിക്ക് ജീവന് ഭീഷണിയുള്ളതായും സിഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും പരാതിക്കാരി പറഞ്ഞു. സർക്കാരിലും പാർട്ടിയിലും പിടിപാടുള്ളതിനാൽ ഏറിയാൽ രണ്ടുമാസത്തെ സസ്പെൻഷനുശേഷം തിരിച്ചെത്തുമെന്ന് സിഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തി.

രണ്ടരലക്ഷം രൂപ തന്റെ പക്കൽ നിന്ന് വാങ്ങിയിട്ടുണ്ട്. എൽഎൽ.ബിക്ക് പഠിക്കുന്ന സിഐ ഫീസടയ്ക്കാൻ അരലക്ഷവും ഭാര്യയുടെ പിതാവിൽ നിന്ന് വാങ്ങിയ കടം തിരികെ നൽകാനും പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here