നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലംപരിശായ അഞ്ചു സംസ്‌ഥാനങ്ങളിലെയും പി.സി.സി. പ്രസിഡന്റുമാരോടു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി രാജി ആവശ്യപ്പെട്ടു

0

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലംപരിശായ അഞ്ചു സംസ്‌ഥാനങ്ങളിലെയും പി.സി.സി. പ്രസിഡന്റുമാരോടു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി രാജി ആവശ്യപ്പെട്ടു. എട്ടു വര്‍ഷമായിട്ടും തോല്‍വിയുടെ യഥാര്‍ഥ കാരണം തിരിച്ചറിയാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ലെന്നു തിരുത്തല്‍വാദികളുടെ കൂട്ടായ്‌മയായ ജി-23 നേതാക്കളില്‍ പ്രമുഖനായ കപില്‍ സിബല്‍ തുറന്നടിച്ചതോടെ പാര്‍ട്ടിയുടെ തലപ്പത്തു കലഹം കലശലായി. കപില്‍ സിബലിനു കോണ്‍ഗ്രസിനെക്കുറിച്ച്‌ എ.ബി.സി.ഡി. അറിയില്ലെന്നു നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്‌തനായ അശോക്‌ ഗലോട്ട്‌ തിരിച്ചടിച്ചു.
അജയ്‌ കുമാര്‍ ലല്ലു (ഉത്തര്‍പ്രദേശ്‌), ഗണേഷ്‌ ഗൊഡിയാല്‍ (ഉത്തരാഖണ്ഡ്‌), നവ്‌ജ്യോത്‌ സിങ്‌ സിദ്ദു (പഞ്ചാബ്‌), ഗിരീഷ്‌ ചോദാങ്കര്‍ (ഗോവ), ലോകെന്‍ സിങ്‌ (മണിപ്പുര്‍) എന്നിവരോടാണു സോണിയ രാജി ആവശ്യപ്പെട്ടത്‌. പുനഃസംഘടനയ്‌ക്കു വഴിയൊരുക്കാനാണു രാജി നിര്‍ദേശമെന്നാണ്‌ എ.ഐ.സി.സിയില്‍നിന്നുള്ള വിശദീകരണം. പഞ്ചാബിലെ ഗ്രൂപ്പുപോരില്‍ സിദ്ദുവിനു കൂട്ടായിരുന്ന ഹൈക്കമാന്‍ഡ്‌, ഭരണം നഷ്‌ടപ്പെട്ടതോടെയാണ്‌ അദ്ദേഹത്തെ കൈയൊഴിഞ്ഞത്‌.
ഉത്തരാഖണ്ഡിലടക്കം രൂക്ഷമായ ഗ്രൂപ്പുപോര്‌ നിലനില്‍ക്കെയായാണു കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. 2019-ലെ പൊതുതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന്‌ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ്‌ സോണിയ താല്‍ക്കാലിക അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്തത്‌. തുടര്‍ന്നും തോല്‍വി ആവര്‍ത്തിച്ചതോടെ നേതൃത്വത്തിനെതിരേ വിമത ശബ്‌ദം ശക്‌തമായി.
ഇപ്പോഴത്തെ കനത്ത പരാജയം കൂടിയായതോടെയാണ്‌ ഗ്രൂപ്പ്‌ 23 നേതാക്കള്‍ നേതൃമാറ്റ ആവശ്യം ശക്‌തമാക്കിയത്‌. സോണിയയും പ്രിയങ്ക ഗാന്ധി വാധ്‌രയും പാര്‍ട്ടിപദവികള്‍ രാജിവയ്‌ക്കുമെന്നും രാഹുല്‍ മുന്‍നിരയില്‍നിന്നു മാറിനില്‍ക്കുമെന്നും അഭ്യൂഹം ശക്‌തമായിരുന്നെങ്കിലും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.
ഗാന്ധി കുടുംബം നാമനിര്‍ദേശം ചെയ്‌ത പ്രവര്‍ത്തക സമിതിയില്‍നിന്നു മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും പ്രവര്‍ത്തക സമിതിക്കു പുറത്തു കോണ്‍ഗ്രസ്‌ എന്ന പ്രസ്‌ഥാനമുണ്ടെന്നു നേതൃത്വം തിരിച്ചറിയാതെ ഒരു മാറ്റവുമുണ്ടാകില്ലെന്നും കപില്‍ സിബല്‍ തുറന്നടിച്ചു. അതിനു പിന്നാലെയാണു സോണിയ പി.സി.സി. പ്രസിഡന്റുമാര്‍ക്ക്‌ എതിരേ നീങ്ങിയത്‌.
മുന്‍കാല തോല്‍വികള്‍ പരിശോധിച്ച്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളൊന്നും ഹൈക്കമാന്‍ഡ്‌ ഗൗനിച്ചിട്ടുകൂടിയില്ലെന്ന ആക്ഷേപം തിരുത്തല്‍വാദികള്‍ ഉന്നയിക്കവെയാണ്‌ ഇത്തവണ നടപടികളിലേക്ക്‌ കടന്നതെന്ന്‌ ശ്രദ്ധേയം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെന്ന നിലയിലും മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെന്ന നിലയിലും ഉത്തര്‍പ്രദേശില്‍ പ്രിയങ്കയാണു പ്രചാരണം നയിച്ചത്‌. പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനെ പുറത്താക്കിയതും ചരണ്‍ജിത്‌ സിങ്‌ ചന്നിയെ മുഖ്യമന്ത്രിയാക്കിയതുമെല്ലാം രാഹുലിന്റെ തീരുമാനങ്ങളായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന സോണിയ തെരഞ്ഞെടുപ്പ്‌ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും നെഹ്‌റു കുടുംബം പരാജയപ്പെട്ടിട്ടും നടപടി താഴേത്തട്ടില്‍ മാത്രമേ ഉണ്ടാകൂ എന്നു തിരുത്തല്‍വാദികള്‍ പ്രവചിക്കുന്നു. തെരഞ്ഞടുപ്പ്‌ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന ആക്ഷേപം നേരിടുന്ന സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടരുകയുമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here