ഓപ്പറേഷൻ ഗംഗ .1 434 ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ കൂടി ഡെൽഹിയിലെത്തി

0

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗ മിഷന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി ഡെൽഹിയിലെത്തി. ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളാണ് ഡെൽഹിയിലെത്തിയത്. രണ്ടിലുമായി 434 പേർ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെയെത്തിക്കാനായത്.

യുക്രൈനിലെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സാഹചര്യത്തിൽ മിഷന്റെ ഭാഗമാകാൻ വ്യോമസേനാ വിമാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. സ്വകാര്യ വിമാനങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യൻ വ്യോമസേനയും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്. നാല് സി 17 വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും.

രാഷ്ട്രപതി രാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് നിർദ്ദേശം നൽകിയത്. യുക്രൈയിനിലേക്ക് മരുന്നുമായി പുറപ്പെടുന്ന സി 17 വ്യോമസേന വിമാനത്തിൽ പരാമാവധി വിദ്യാർത്ഥികളെ തിരികെ എത്തിക്കാനാണ് നീക്കം. ഇതിനായുള്ള നടപടികൾ വ്യോമസേന പൂർത്തിയാക്കിയിരുന്നു.

സർക്കാരിന്റെ അവസാനനിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വ്യോമസേന വിമാനങ്ങൾ യുക്രൈന്റെ അയൽരാജ്യങ്ങളിലേക്ക് തിരിക്കുമെന്നാണ് വിവരം. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി കേന്ദ്രനിയമ മന്ത്രി കിരൺറിജ്ജജു സ്സോവാക്യയിലേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here