കണ്ണൂർ: ദേശീയ പണിമുടക്കിൽ ജനം വലയുമ്പോഴും കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ വേദി നിർമ്മാണം മുടക്കാതെ സിപിഎം. നായനാർ അക്കാദമിയിലെയും ടൗൺ സ്ക്വയറിലെയും വേദി നിർമ്മാണമാണ് പണിമുടക്ക് ദിവസവും പുരോഗമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമ്മാണത്തിന് എത്തിയവരിൽ ഏറെയും. ചെറിയ പണികൾ മാത്രമാണ് നടക്കുന്നതെന്നും ജോലിക്കാർ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണം. പൊലീസ് മൈതാനിയിലെ സർക്കാരിന്റെ ഒന്നാം വാർഷിക ഘോഷവേദിയുടെ നിർമ്മാണത്തിനും പണിമുടക്ക് ബാധകമായില്ല.
പണിമുടക്ക് ഒന്നാം ദിനം, സംസ്ഥാനം നിശ്ചലമായി, വലഞ്ഞ് ജനം
സംസ്ഥാനത്ത് പൊതുജനങ്ങളെ വലച്ച് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം. 48 മണിക്കൂർ സമരത്തിന്റെ ആദ്യ ദിവസം പിന്നിടുമ്പോൾ കേരളത്തിൽ പണിമുടക്ക് ഹർത്താലിന് സമാനമായി മാറി. കടകൾ തുറന്നില്ല, ഒട്ടുമിക്ക സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയ്ക്കിറങ്ങിയവർ നന്നായി ബുദ്ധിമുട്ടി. കെഎസ്ആർടിസി സർവ്വീസുകൾ നാമമാത്രമായിരുന്നു. നാല് ദിവസത്തെ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അവരും ഇന്ന് നിരത്തിലിറങ്ങിയില്ല. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. അതേ സമയം പണിമുടക്ക് ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല.