നഗരത്തില്‍ കോടികളുടെ ലഹരിമരുന്നു പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി നിസാമിനെ അറസ്‌റ്റ്‌ ചെയ്‌തു

0

കണ്ണൂര്‍: നഗരത്തില്‍ കോടികളുടെ ലഹരിമരുന്നു പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി നിസാമിനെ അറസ്‌റ്റ്‌ ചെയ്‌തു. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശിയായ ഇയാളെ മംഗലാപുരത്തു നിന്നാണു പിടികൂടിയത്‌. കേസില്‍ ദമ്പതികളായ ബള്‍ക്കീസ്‌ – അഫ്‌സല്‍ എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു. ബള്‍ക്കീസിന്റെ അടുത്ത ബന്ധുവാണ്‌ പിടിയിലായ നിസാം.
ഏഴിനാണ്‌ കണ്ണൂരിലെ പാഴ്‌സല്‍ ഓഫീസില്‍ ടെക്‌സ്‌റ്റൈല്‍സിന്റെ പേരില്‍ ബംഗളുരുവില്‍നിന്ന്‌ രണ്ടു കിലോ എം.ഡി.എം.എ, ഒപിയം അടക്കമുള്ള ലഹരി വസ്‌തുക്കള്‍ കൈപ്പറ്റാന്‍ എത്തിയ ബള്‍ക്കീസ്‌ അഫ്‌സല്‍ ദമ്പതികള്‍ പിടിയിലാകുന്നത്‌.
ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ നിസാമിന്റെ പങ്കാളിത്തം വ്യക്‌തമായത്‌. ബള്‍ക്കീസിന്റെ മൊഴിയെത്തുടര്‍ന്ന്‌ കണ്ണൂര്‍ നഗരത്തിലെ വസ്‌ത്രക്കട കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്‌ ശേഖരകേന്ദ്രത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക ലഹരിമരുന്ന്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ ആര്‍.ഇളങ്കോ കേസ്‌ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. ഇവരുടെ അന്വേഷണത്തിലാണ്‌ നിസാം പിടിയിലായത്‌. കേസിലെ മറ്റൊരു പ്രതി കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടിയിലെ ജനീസ്‌ ഒളിവിലാണ്‌. രണ്ടു വര്‍ഷത്തിലേറെയായി ബംഗളൂരിലെ പബ്ബുകളിലും കേരളത്തിലെ വിവിധ മേഖലയിലും മയക്കുമരുന്ന്‌ വില്‍പ്പന നടത്തി ഈ മേഖലയിലെ വമ്പന്‍ സ്രാവായി നിസാം മാറുകയായിരുന്നു. ബള്‍ക്കീസിനെ ഉപയോഗിച്ചാണ്‌ നീക്കങ്ങള്‍ മുഴുവന്‍ നടത്തിയിരുന്നത്‌.
കോവിഡ്‌ കാലത്ത്‌ ഭര്‍ത്താവ്‌ നടത്തിയിരുന്ന ബെംഗളുരുവിലെ ടീ ഷോപ്പ്‌ പൂട്ടിയത്‌ ബള്‍ക്കിസിനെ മയക്കുമരുന്ന്‌ കച്ചവടത്തിലേക്ക്‌ ഇറങ്ങാന്‍ പ്രേരിപ്പിച്ചു. ബള്‍ക്കീസ്‌ മാത്രമല്ല കോവിഡ്‌ കാലത്ത്‌ കടക്കെണിയിലായ നിരവധി വീട്ടമ്മമാരും പ്രവാസികളും നിസാമിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ അന്വേഷണ സംഘം നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here